സ്കിംഡ് മിൽക്ക് പൗഡറിൽ പനീർ, ഡാൽഡയിൽ അലുവ! ഹൈദരാബാദിൽ വ്യാജ ഭക്ഷ്യനിർമ്മാണ കേന്ദ്രങ്ങൾ പൂട്ടിച്ച് മിന്നൽ റെയ്ഡ്

ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് നടത്തിയ മിന്നൽ റെയ്ഡിൽ നടരാജ് മിൽക്ക് & മിൽക്ക് പ്രൊഡക്ട്സിൽ നിന്നാണ് സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച് വ്യാജമായി നിർമിച്ച 500 കിലോ പനീറും 50 കിലോ മിൽക്ക് പൗഡറും പിടിച്ചെടുത്തത്.

സ്കിംഡ് മിൽക്ക് പൗഡറിൽ പനീർ, ഡാൽഡയിൽ അലുവ! ഹൈദരാബാദിൽ വ്യാജ ഭക്ഷ്യനിർമ്മാണ കേന്ദ്രങ്ങൾ പൂട്ടിച്ച് മിന്നൽ റെയ്ഡ്

ഹൈദരാബാദിൽ ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് നടത്തിയ മിന്നൽ റെയ്ഡിൽ വൻതോതിൽ മായം കലർന്ന വ്യാജ പനീറും അലുവയും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തു. 'നടരാജ് മിൽക്ക് & മിൽക്ക് പ്രൊഡക്ട്സി'ൽ നിന്ന് സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച് നിർമിച്ച 500 കിലോ വ്യാജ പനീറും 50 കിലോ മിൽക്ക് പൗഡറും പിടിച്ചെടുത്ത അന്വേഷണസംഘം, സ്ഥാപന ഉടമ ജാപല നടരാജിനെയും തെളിവുകളും അൽവാൾ പൊലീസിന് കൈമാറി.

തുടന്ന് ബൗരംപേട്ടിലെ 'യശോദ സ്വീറ്റ് & നംകീൻ ബേക്കറി'യിൽ നടത്തിയ പരിശോധനയിൽ വനസ്പതി, പാചക എണ്ണ, മിൽക്ക് പൗഡർ എന്നിവ ചേർത്ത 21 കിലോ വ്യാജ അലുവയും, ഇതിനായി സൂക്ഷിച്ച 80-ലേറെ ചാക്ക് മിൽക്ക് പൗഡർ, 100 ടിൻ എണ്ണ, 50 ടിൻ ഡാൽഡ എന്നിവയും കണ്ടെടുത്തു.

വ്യാജ നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഹൈദരാബാദിലും സമീപ പ്രദേശങ്ങളിലുമുള്ള 20 ഡയറി യൂണിറ്റുകളിൽ പരിശോധന ഊർജ്ജിതമാക്കുകയും, ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച ഹയാത്ത്നഗറിലെ 'വെങ്കിട ശിവ മിൽക്ക് പോയിന്റ്' അടപ്പിക്കുകയും ചെയ്തു. ഒപ്പം, ഗുണനിലവാരമില്ലാത്ത നിർമ്മാണം തെളിഞ്ഞതിനെ തുടർന്ന് 'സപ്തഗിരി ഫുഡ്സ്', 'ഓൾ റിച്ച് ഡയറി' എന്നീ സ്ഥാപനങ്ങളുടെ എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസ് റദ്ദാക്കി പ്രവർത്തനം അടിയന്തരമായി നിർത്താൻ അധികൃതർ ഉത്തരവിട്ടു.