സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആർമി ഡ്രൈവർക്ക് പിഴ, എംവിഐയെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി

രണ്ടുദിവസത്തേക്ക് ഉദ്യോ​ഗസ്ഥയെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി നടപടി സ്വീകരിച്ചതെന്നും ഡിടിഒ വ്യക്തമാക്കി

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആർമി ഡ്രൈവർക്ക് പിഴ, എംവിഐയെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി

ഗുവാഹാത്തി: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ സൈനിക ഡ്രൈവർക്ക് പിഴ ചുമത്തിയ സംഭവത്തിൽ അസം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) സമീം സുൽത്താനയെയാണ് രണ്ടു ദിവസത്തേക്ക് ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയത്. സൈനിക ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതിനിടെ എംവിഐ അപമര്യാദയായും പരുഷമായും പെരുമാറിയതാണ് നടപടിക്ക് കാരണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ (ഡിടിഒ) ധനഞ്ജോയ് സായ്കിയ അറിയിച്ചു. എന്നാൽ, ഡ്രൈവിങ് ലൈസൻസിന്റെ പേരിലല്ല, മറിച്ച് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് മാത്രമാണ് പിഴ ഈടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഇന്ത്യാടുഡേ നോർത്ത് ഈസ്റ്റ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച ജോർഹാത് ടൗണിലെ ഇന്റർസ്റ്റേറ്റ് ബസ് ടെർമിനലിന് മുന്നിൽവെച്ചാണ് സംഭവമുണ്ടായത്. ജോർഹാത് സൈനിക താവളത്തിൽനിന്ന് മറ്റൊരു സൈനികനൊപ്പം ഔദ്യോഗിക ആവശ്യങ്ങൾക്കായി സൈനിക ജിപ്സിയിൽ പോവുകയായിരുന്ന ഡ്രൈവറെ എംവിഐ തടഞ്ഞുനിർത്തി ചലാൻ നൽകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ദേശീയതലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തതോടെയാണ് ഗതാഗത വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്.

പ്രതിരോധ മന്ത്രാലയം അനുവദിക്കുന്ന ആർമി ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൈനിക താവളങ്ങൾക്ക് പുറത്തും സൈനിക വാഹനങ്ങൾ ഓടിക്കാൻ ചട്ടപ്രകാരം അനുമതിയുണ്ടെന്ന് ഡിടിഒ വിശദീകരിച്ചു. ഈ ലൈസൻസ് ഉപയോഗിച്ച് സാധാരണ വാഹനങ്ങൾ ഓടിക്കാൻ മാത്രമേ വിലക്കുള്ളൂ. അതിനാൽ ലൈസൻസിന്റെ പേരിലല്ല പിഴ ചുമത്തിയത്. അതേസമയം, സൈനിക വാഹനം ഓടിക്കുന്നവരും ഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും, പ്രത്യേക സാഹചര്യങ്ങളിലൊഴികെ സീറ്റ് ബെൽറ്റ് പോലുള്ള നിയമലംഘനങ്ങളിൽ ഇളവുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തിലുണ്ടായ വീഴ്ചയും ലൈസൻസിനെക്കുറിച്ചുള്ള ആശയക്കുഴപ്പവുമാണ് തർക്കത്തിലേക്ക് നയിച്ചതെന്നും ഡിടിഒ വ്യക്തമാക്കി.