സ്കൂൾ കാലത്തെ സൗഹൃദം പൂർവവിദ്യാർഥി സംഗമത്തിൽ പുതുക്കി,പിന്നീട് പ്രണയം,അവഗണനയിൽ പക; യുവതിയെയും ബന്ധുവിനെയും കൊന്ന് യുവാവ്

വ്യക്തിബന്ധത്തിലെ തർക്കവും സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ

സ്കൂൾ കാലത്തെ സൗഹൃദം പൂർവവിദ്യാർഥി സംഗമത്തിൽ പുതുക്കി,പിന്നീട് പ്രണയം,അവഗണനയിൽ പക; യുവതിയെയും ബന്ധുവിനെയും കൊന്ന് യുവാവ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ യുവതിയെയും ബന്ധുവായ യുവാവിനെയും നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവണ്ണാമലൈ സ്വദേശിയായ സഞ്ജയ് ഗാന്ധിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്ന മാലിനിയും ബന്ധുവായ രഞ്ജിത് കുമാറുമാണ് കൊല്ലപ്പെട്ടത്.

വ്യക്തിബന്ധത്തിലെ തർക്കവും സംശയവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കഴിഞ്ഞവർഷം നടന്ന സ്കൂൾ പൂർവവിദ്യാർഥി സംഗമത്തിലാണ് സഞ്ജയും മാലിനിയും വീണ്ടും പരിചയം പുതുക്കിയത്. പിന്നീട് സൗഹൃദം അടുപ്പത്തിലേക്ക് വളർന്നു. എന്നാൽ അടുത്ത ദിവസങ്ങളിലായി മാലിനി തന്നിൽനിന്ന് അകന്നുനിൽക്കുകയാണെന്ന് സഞ്ജയ് സംശയിച്ചു.

രഞ്ജിത് കുമാറുമായി മാലിനിക്ക് അടുപ്പമുണ്ടെന്ന സംശയം കൂടി ശക്തമായതോടെ ഇരുവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചെന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് പറയുന്നു. തിരുപ്പത്തൂരിൽ ഒരു സ്ഥലം കാണാനായി കാറിലെത്തിയ മാലിനിയെയും രഞ്ജിത്തിനെയും വാഹനത്തിൽനിന്ന് ഇറങ്ങിയ ഉടൻ സഞ്ജയ് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ മറ്റ് സാഹചര്യങ്ങളും പ്രതിയുടെ നീക്കങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവം തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായി കൊലപാതകങ്ങൾ ഉണ്ടാകുന്നത് ക്രമസമാധാന നിലയിലെ വീഴ്ചയാണെന്ന് പ്രതിപക്ഷം വിമർശിച്ചു. തിരുപ്പത്തൂരിലെ ഇരട്ടക്കൊലയ്ക്ക് തൊട്ടുമുമ്പ് പല്ലാവരത്തും യുവാവ് കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി വിജയ് ഭരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനുപകരം സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.