നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ക്രൂരത; നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതി പിടിയിൽ

സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 31കാരനായ അയ്യപ്പൻ ആണ് പിടിയിലായത്.

നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ക്രൂരത; നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതി പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശിയായ അയ്യപ്പൻ (31) ആണ് പൊലീസിന്റെ പിടിയിലായത്. കൊല്ലപ്പെട്ട യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

ഈ മാസം 18-ന് രാവിലെ എട്ടുമണിയോടെയാണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ 13-ാം നമ്പർ യാർഡിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ–കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളിൽ സീറ്റിനടിയിലായി അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് അന്വേഷണം ഏറ്റെടുത്ത പ്രത്യേക പൊലീസ് സംഘം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് നിർണ്ണായക സൂചന ലഭിച്ചത്. നവംബർ 14-ന് രാവിലെ എട്ടുമണിയോടെ കൃത്യം നടന്ന ട്രെയിൻ കോച്ചിൽ നിന്നും വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ തുടരന്വേഷണത്തിലാണ് അയ്യപ്പനാണ് കൊലയാളിയെന്ന് പൊലീസ് ഉറപ്പിച്ചത്.

നവംബർ 14-ന് അർധരാത്രി 12:30-ഓടെയാണ് ദാരുണമായ ഈ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യുവതിയെ പ്രതി ബലമായി വലിച്ചിഴച്ച് യാർഡിലെ കോച്ചിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിലേറ്റ ഗുരുതരമായ പരിക്കുകളാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.