സർക്കാർ ആവശ്യപ്പെട്ടാൽ വിമാനവും ഹെലികോപ്റ്ററും നൽകും, പകരം ഒന്നും ചോദിക്കില്ല; വിമാന വിവാദത്തിൽ പ്രതികരിച്ച് യൂസഫലി

കേരളത്തിലെ സ്വകാര്യ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു യൂസഫലിയുടെ പ്രതികരണം. വിഷയം രാഷ്ട്രീയമായതിനാൽ അതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വിവാദത്തിന് പിന്നിലുള്ളവർ തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു

സർക്കാർ ആവശ്യപ്പെട്ടാൽ വിമാനവും ഹെലികോപ്റ്ററും നൽകും, പകരം ഒന്നും ചോദിക്കില്ല; വിമാന വിവാദത്തിൽ പ്രതികരിച്ച് യൂസഫലി

;ദുബൈ: രാജ്യത്തിന്റെ താൽപര്യത്തിനോ സർക്കാരിന്റെ അടിയന്തര ആവശ്യത്തിനോ തന്റെ സ്വകാര്യ വിമാനമോ ഹെലികോപ്റ്ററോ ആവശ്യമായി വന്നാൽ അത് നൽകാൻ തയ്യാറാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. എന്നാൽ ഇത്തരത്തിൽ സഹായം നൽകുന്നതിന്റെ പേരിൽ സർക്കാരിൽനിന്ന് യാതൊരു വ്യക്തിപരമായ നേട്ടവും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സ്വകാര്യ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു യൂസഫലിയുടെ പ്രതികരണം. വിഷയം രാഷ്ട്രീയമായതിനാൽ അതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വിവാദത്തിന് പിന്നിലുള്ളവർ തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വിമാനവും ഹെലികോപ്റ്ററും സ്വന്തമായുണ്ടെന്നത് പരസ്യമായ കാര്യമാണെന്നും രാജ്യത്തിനോ സർക്കാരിനോ ആവശ്യമായി വന്നാൽ അവ ഉപയോഗിക്കാൻ നൽകുന്നതിൽ മടിയില്ലെന്നും യൂസഫലി വ്യക്തമാക്കി.

സഹായം നൽകിയ ശേഷം അതിന് പ്രതിഫലമായി സർക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ആവശ്യപ്പെടുന്ന രീതിയല്ല തന്റേതെന്നും യൂസഫലി പറഞ്ഞു. തനിക്ക് ആവശ്യമായ സഹായങ്ങൾ ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളിൽനിന്ന് ലഭിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.