'പ്രിയദർശിനി'ക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; 500ലേറെ ബസുകൾ സർവീസ് നിർത്തിയെന്ന് ഉടമകൾ
പദ്ധതി നിലവിൽ വന്നതിന് ശേഷം ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായെന്നും ബസ് ഉടമകൾ അറിയിച്ചു
പാലക്കാട്: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതായി ബസ് ഉടമകൾ. പദ്ധതി നിലവിൽ വന്നതിന് ശേഷം ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായെന്നും അവർ അറിയിച്ചു.
സർവീസ് തുടരുന്ന ബസുകളിൽ പലതും മുഴുവൻ ട്രിപ്പുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതായും ബസ് ഉടമകൾ ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി സി.പി. ജോണിന്റെ നേതൃത്വത്തിൽ ബസ് ഉടമകളുമായി തിരുവനന്തപുരത്ത് ചർച്ച നടന്നു.
സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് അതിന്റെ ചെലവ് സർക്കാർ വഹിക്കണമെന്നതാണ് ഉടമകളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം ഡീസൽ സബ്സിഡി പുനഃസ്ഥാപിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പുതുക്കുക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ മുന്നോട്ടുവച്ചു. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകാത്ത പക്ഷം സൂചനാ പണിമുടക്കിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ബസ് ഉടമകൾ നൽകി.
അതേസമയം, പ്രിയദർശിനി പദ്ധതിയുടെ സ്വാധീനം സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മിഷണർ കെ. പദ്മകുമാറിന്റെ അധ്യക്ഷതയിലുള്ള സമിതി ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.
Comments ()