സുഹൃത്തായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത് മൂന്ന് വർഷത്തോളം, 65-കാരനെതിരെ കൊലക്കേസ് വിചാരണ
ഡെലിയ ജീവിച്ചിരിക്കുന്നതായി വിശ്വസിപ്പിക്കാൻ അവരുടെ പേരിൽ സന്ദേശങ്ങളും ഇമെയിലുകളും അയച്ചതായും ബാങ്ക് അക്കൗണ്ടിൽനിന്ന് 2,000 പൗണ്ടിലധികം മാറ്റിയതായും പ്രോസിക്യൂഷൻ ആരോപിച്ചു
ലിവർപൂൾ: സുഹൃത്തായ 62-കാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് ഫ്രീസറിൽ സൂക്ഷിച്ചെന്ന കേസിൽ 65-കാരനായ ജോർജ് ഗോർഡന്റെ വിചാരണ ലിവർപൂൾ ക്രൗൺ കോടതിയിൽ ആരംഭിച്ചു. 2023 ഏപ്രിലിലാണ് ഡെലിയ മക്ഇനേണിയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ ആരോപണം. 2026 ജനുവരി എട്ടിന് ഗോർഡന്റെ ഫ്ലാറ്റിലെ ഫ്രീസറിൽനിന്നാണ് ഡെലിയയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
ഡെലിയ ജീവിച്ചിരിക്കുന്നതായി വിശ്വസിപ്പിക്കാൻ അവരുടെ പേരിൽ സന്ദേശങ്ങളും ഇമെയിലുകളും അയച്ചതായും ബാങ്ക് അക്കൗണ്ടിൽനിന്ന് 2,000 പൗണ്ടിലധികം മാറ്റിയതായും പ്രോസിക്യൂഷൻ ആരോപിച്ചു. ഡെലിയ പോർച്ചുഗലിലേക്ക് താമസം മാറാൻ പദ്ധതിയിട്ടിരുന്നതായും ഇതിന് പിന്നാലെ ഗോർഡൻ സ്ലെഡ്ജ് ഹാമർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങിയതായും കോടതിയെ അറിയിച്ചു. അഞ്ച് ഗിനിപ്പന്നികളെയും ഇയാൾ കൊലപ്പെടുത്തിയെന്നാണ് ആരോപണം.
ഡെലിയയുടെ മരണവുമായി ബന്ധപ്പെട്ട കാര്യം ഗോർഡൻ സമ്മതിച്ചെങ്കിലും കൊലപാതകക്കുറ്റം നിഷേധിച്ചു. ആദ്യം മരുന്നുകൾ അമിതമായി കഴിച്ചതിനെ തുടർന്ന് അവരുടെ ദുരിതം അവസാനിപ്പിക്കാനാണ് ചുറ്റിക ഉപയോഗിച്ചതെന്ന് പറഞ്ഞ ഇയാൾ, വിചാരണയിൽ സ്വയരക്ഷയ്ക്കായാണ് അങ്ങനെ ചെയ്തതെന്ന് വാദിക്കുന്നു.
Comments ()