അമേരിക്കയിലെ വൻ നഗരത്തിന്റെ ഭരണത്തലപ്പത്ത് തിരുവനന്തപുരത്തുകാരി,നേട്ടം സ്വന്തമാക്കി നിത്യ

ഇതോടെ ലോസാഞ്ചലസിന്റെ ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതാ മേയർ എന്ന നേട്ടവും അവർ സ്വന്തമാക്കി. നഗരത്തിന്റെ മേയർ പദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് നിത്യ

അമേരിക്കയിലെ വൻ നഗരത്തിന്റെ ഭരണത്തലപ്പത്ത് തിരുവനന്തപുരത്തുകാരി,നേട്ടം സ്വന്തമാക്കി നിത്യ

ലോസാഞ്ചലസ്: അമേരിക്കയിലെ പ്രമുഖ നഗരമായ ലോസാഞ്ചലസിന്റെ മേയർ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വേരുകളുള്ള നിത്യ രാമന് ചരിത്രവിജയം. നിലവിലെ മേയർ കാരെൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ നഗരത്തിന്റെ ഭരണത്തലപ്പത്തേക്ക് എത്തുന്നത്. ഇതോടെ ലോസാഞ്ചലസിന്റെ ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതാ മേയർ എന്ന നേട്ടവും അവർ സ്വന്തമാക്കി. നഗരത്തിന്റെ മേയർ പദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ് നിത്യ.

ഡിസിഷൻ ഡെസ്‌ക് എച്ച്‌ക്യു പുറത്തുവിട്ട തെരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം 51.1 ശതമാനം വോട്ടുകൾ നിത്യയ്ക്ക് ലഭിച്ചു. എതിരാളിയായ കാരെൻ ബാസിന് 48.33 ശതമാനം വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ ആറു വർഷമായി ലോസാഞ്ചലസ് സിറ്റി കൗൺസിലിലെ ഡിസ്ട്രിക്ട് 4നെ പ്രതിനിധീകരിക്കുന്ന നിത്യ, കൗൺസിലിലെത്തിയ ആദ്യ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമാണ്.

അർബൻ പ്ലാനറായി പ്രവർത്തിച്ചിരുന്ന നിത്യ, നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവ്, താമസസൗകര്യം, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം. യുവ വോട്ടർമാർക്കിടയിൽ ഉൾപ്പെടെ ഈ വിഷയങ്ങൾ നിത്യയ്ക്ക് പിന്തുണ നേടിക്കൊടുത്തു. 2028ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ലോസാഞ്ചലസിന്റെ നേതൃത്വമാണ് ഇനി നിത്യയുടെ കൈകളിലെത്തുന്നത്.

1981 ജൂലൈ 28ന് തിരുവനന്തപുരത്താണ് നിത്യ രാമൻ ജനിച്ചത്. നഗരത്തിലെ കോട്ടയ്ക്കകത്തുള്ള രാമസ്വാമി കോവിൽ തെരുവിലായിരുന്നു കുടുംബത്തിന്റെ വേരുകൾ. കെൽട്രോണിക്സിൽ ഉദ്യോഗസ്ഥനായിരുന്ന ആർ. വെങ്കട്ടരാമന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി ചെയ്തിരുന്ന സുധയുടെയും മകളാണ് നിത്യ. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്ക് താമസം മാറിയത്. കുടുംബത്തിന്റെ പഴയ വീട് പിന്നീട് വിറ്റുപോയതോടെ ഇപ്പോൾ കോട്ടയ്ക്കകത്ത് കുടുംബാംഗങ്ങളാരും താമസിക്കുന്നില്ല.

ഹാർവാർഡ് സർവകലാശാലയിലും എംഐടിയിലുമായി ഉന്നതപഠനം പൂർത്തിയാക്കിയ നിത്യ 2020ലെ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിലൂടെയാണ് രാഷ്ട്രീയരംഗത്ത് ശ്രദ്ധേയയായത്. 2024ൽ വീണ്ടും വിജയിച്ച് കൗൺസിലിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു. തമിഴ് വംശജനായ തിരക്കഥാകൃത്ത് വാലി ചന്ദ്രശേഖരനാണ് ഭർത്താവ്. ഇരട്ടക്കുട്ടികളായ കർണനും കാവേരിക്കുമൊപ്പം സിൽവർലേക്കിലാണ് നിത്യയുടെ താമസം.