41 സീറ്റുകൾ പിടിച്ചെടുത്ത് ഡെമോക്രാറ്റുകളുടെ മുന്നേറ്റം; ട്രംപിന് ഇനി കടുത്ത വെല്ലുവിളി

തെരഞ്ഞെടുപ്പ് ഫലത്തെ ചരിത്രവിജയമായി വിശേഷിപ്പിച്ച ഡെമോക്രാറ്റിക് നേതാക്കൾ, ഇനി കോൺഗ്രസ് ട്രംപ് ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന വേദിയായിരിക്കില്ലെന്ന് വ്യക്തമാക്കി

41 സീറ്റുകൾ പിടിച്ചെടുത്ത് ഡെമോക്രാറ്റുകളുടെ മുന്നേറ്റം; ട്രംപിന്  ഇനി കടുത്ത വെല്ലുവിളി

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ആഭ്യന്തര സമ്മർദം ശക്തമാകുന്നു. ജനപ്രതിനിധിസഭയിൽ 250-ലധികം സീറ്റുകൾ നേടിയ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് 41 സീറ്റുകൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് ഫലത്തെ ചരിത്രവിജയമായി വിശേഷിപ്പിച്ച ഡെമോക്രാറ്റിക് നേതാക്കൾ, ഇനി കോൺഗ്രസ് ട്രംപ് ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന വേദിയായിരിക്കില്ലെന്ന് വ്യക്തമാക്കി. സ്പീക്കർ സ്ഥാനാർഥി ഹക്കീം ജെഫ്രീസും ഇതേ നിലപാടാണ് പ്രകടിപ്പിച്ചത്. ലോസ് ആഞ്ചലസിൽ മലയാളിയായ നിത്യ രാമനും ശ്രദ്ധേയമായ വിജയം സ്വന്തമാക്കി.

തെരഞ്ഞെടുപ്പിലെ പരാജയം റിപ്പബ്ലിക്കൻ നേതൃത്വത്തിനുള്ളിൽ ഭിന്നത വർധിപ്പിച്ചതിനൊപ്പം ട്രംപ് ഭരണകൂടത്തിലെ ചില ഉന്നത സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പദവി ഒഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

വൈറ്റ് ഹൗസുമായി അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റൂബിയോയുടെ രാജിയുമായി ബന്ധപ്പെട്ട വാർത്തകൾ വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും നിഷേധിച്ചു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരെയും റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന സൂചനകൾക്കിടെ ട്രംപ് പരസ്യ പിന്തുണയുമായി രംഗത്തെത്തി. അതേസമയം, ഇറാനെ പൂർണമായി തകർക്കാനുള്ള ശേഷി തനിക്കുണ്ടെന്ന പ്രസ്താവനയും ട്രംപ് ആവർത്തിച്ചു. ഇതുസംബന്ധിച്ച് എന്ത് നടപടി സ്വീകരിക്കണമെന്ന് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദങ്ങൾക്കിടെ ഭരണകൂടത്തിലെ തുടർനീക്കങ്ങളും റിപ്പബ്ലിക്കൻ പാർട്ടിയിലെ നേതൃത്വപരമായ മാറ്റങ്ങളും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.