ഭാര്യയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ അമ്മായിയമ്മയ്ക്ക് മരുമകന്റെ മർദനമേറ്റു; 65കാരിക്ക് ദാരുണാന്ത്യം
സംഭവത്തിൽ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ. ശിവൻ (41)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു
കൊല്ലം: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 65കാരി മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിന് സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമളയാണ് മരിച്ചത്. സംഭവത്തിൽ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ. ശിവൻ (41)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു.
ഞായറാഴ്ചയായിരുന്നു ആക്രമണം. ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസിച്ചിരുന്നത്. ഭർത്താവുമായുള്ള തർക്കം പതിവായതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ടോടെ രജനി അമ്മയുടെ വീട്ടിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് പിന്നാലെയെത്തിയ ശിവൻ ഭാര്യയുമായും ശ്യാമളയുമായും വാക്കേറ്റത്തിലേർപ്പെട്ടു.
തുടർന്ന് ശിവന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി രജനി അമ്മയോടൊപ്പം അയൽവീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ ശിവൻ തടിക്കഷ്ണം ഉപയോഗിച്ച് രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ശ്യാമളയ്ക്ക് അടിയേൽക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആദ്യം ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Comments ()