റെയിൽവേ റീഫണ്ടിൽ ഒരു രൂപ കുറഞ്ഞു; ഐആർസിടിസി 3,100 രൂപ നൽകണം, ഫലം കണ്ടത് 2 വര്ഷത്തെ നിയമപോരാട്ടം
കുറവുവന്ന ഒരു രൂപ പലിശ സഹിതം തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നിയമനടപടികൾക്കുള്ള ചെലവും നൽകാൻ ഐആർസിടിസിയോട് കാസർകോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശിച്ചു
കാസർകോട്: ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയപ്പോൾ റീഫണ്ട് തുകയിൽ ഒരു രൂപ കുറഞ്ഞതിന് പിന്നാലെ ഉപഭോക്തൃ കമ്മിഷനെ സമീപിച്ച യാത്രക്കാരന് അനുകൂല വിധി. കുറവുവന്ന ഒരു രൂപ പലിശ സഹിതം തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നിയമനടപടികൾക്കുള്ള ചെലവും നൽകാൻ ഐആർസിടിസിയോട് കാസർകോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നിർദേശിച്ചു.
മുളിയാർ കാനത്തൂർ സ്വദേശിയും യുവ അഭിഭാഷകനുമായ സഞ്ജയ് രാജാണ് പരാതിക്കാരൻ. 2024 ഓഗസ്റ്റ് 11ന് 553 രൂപ നൽകി എസി ത്രീ ടയർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത ഇദ്ദേഹം ഓഗസ്റ്റ് 20നായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ യാത്രയ്ക്ക് 48 മണിക്കൂറിലധികം ശേഷിക്കെ ഓഗസ്റ്റ് 17ന് ടിക്കറ്റ് റദ്ദാക്കി.
ടിക്കറ്റ് റദ്ദാക്കിയതിനുള്ള 180 രൂപയും അതിന്റെ അഞ്ച് ശതമാനം ജിഎസ്ടിയായ ഒൻപത് രൂപയും കുറച്ചാൽ 341 രൂപയാണ് സഞ്ജയ് രാജിന് തിരികെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഐആർസിടിസി അക്കൗണ്ടിലേക്ക് കൈമാറിയത് 340 രൂപ മാത്രം. ഒരു രൂപയുടെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെയാണ് തുക പൂർണമായി ലഭിക്കാത്തതിനെതിരെ അദ്ദേഹം ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
പരാതി ഭാഗികമായി അംഗീകരിച്ച കമ്മിഷൻ, ബാക്കി നൽകാനുള്ള ഒരു രൂപ ടിക്കറ്റ് റദ്ദാക്കിയ തീയതി മുതൽ ഒൻപത് ശതമാനം പലിശ സഹിതം നൽകാൻ ഉത്തരവിട്ടു. സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാരരീതിക്കും 100 രൂപ നഷ്ടപരിഹാരവും പരാതിക്കാരന്റെ നിയമനടപടികൾക്കായി ചെലവായ 3,000 രൂപയും നൽകണമെന്നും നിർദേശിച്ചു.
കമ്മിഷൻ പ്രസിഡന്റ് കെ. കൃഷ്ണൻ, അംഗം കെ.ജി. ബീന എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Comments ()