മത്തിക്കും അയലയ്ക്കും ചെറുമീനുകള്‍ക്കും വില കുതിക്കുന്നു; കുടുംബ ബജറ്റിൽ മീൻ വാങ്ങലും പ്രതിസന്ധി

ഏതാനും ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 100 മുതൽ 150 രൂപ വരെ വിലയുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ 300 രൂപയായി

മത്തിക്കും അയലയ്ക്കും ചെറുമീനുകള്‍ക്കും വില കുതിക്കുന്നു; കുടുംബ ബജറ്റിൽ മീൻ വാങ്ങലും പ്രതിസന്ധി

കൊച്ചി: വിപണിയിൽ മത്സ്യവില കുത്തനെ ഉയർന്നതോടെ സാധാരണക്കാരുടെ അടുക്കള ബജറ്റിന് തിരിച്ചടിയാകുന്നു. ദിവസേന ഉപയോഗിക്കുന്ന മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ പോലും ഉയർന്ന വിലയിലാണ് വിൽക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 100 മുതൽ 150 രൂപ വരെ വിലയുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ 300 രൂപയായി. ചെറിയ മത്തിയുടെ വില പോലും 240–250 രൂപയിലെത്തി. 160–180 രൂപയുണ്ടായിരുന്ന അയലയ്ക്ക് നിലവിൽ 220 മുതൽ 240 രൂപ വരെയാണ് വില. വരും ദിവസങ്ങളിൽ അയലയുടെ വിലയും 300 രൂപയിലേക്ക് ഉയർന്നേക്കാമെന്നാണ് മത്സ്യത്തൊഴിലാളികളുടെ വിലയിരുത്തൽ.

കായൽ മത്സ്യങ്ങൾക്കും വിപണിയിൽ വലിയ വിലയാണ്. കണമ്പ്, കരിമീൻ, ചെമ്പല്ലി തുടങ്ങിയവയ്ക്ക് കിലോയ്ക്ക് 600 മുതൽ 800 രൂപ വരെയാണ് ഈടാക്കുന്നത്. കൂന്തളിന് 120–140 രൂപയും കിളിമീനിന് 200–220 രൂപയും ചെമ്മീന് 300 രൂപയുമാണ് നിലവിലെ നിരക്ക്. വലിയ മത്സ്യങ്ങളിൽ നെയ്മീനാണ് ഏറ്റവും വിലയേറിയത്. കിലോയ്ക്ക് 1,000 മുതൽ 1,300 രൂപ വരെയാണ് വില. വിപണിയിലേക്കുള്ള നെയ്മീനിന്റെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആവോലിക്ക് 600–800 രൂപയും മോദയ്ക്ക് 700–750 രൂപയുമാണ് കിലോവില.

കടലിലെ മത്സ്യലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ചെറുമീനുകളുടെ ലഭ്യതയും പ്രജനനവും ബാധിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമേ, രാസവസ്തുക്കൾ ചേർത്ത മത്സ്യവുമായി എത്തിയ ട്രക്കുകൾ പിടികൂടിയ സംഭവങ്ങൾക്കു പിന്നാലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മീനുകളോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം കുറഞ്ഞതും പ്രാദേശിക മത്സ്യങ്ങൾക്ക് ആവശ്യക്കാർ കൂടാൻ കാരണമായി. ഇതും വില ഉയരാൻ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.

മത്സ്യവിലയിലെ വർധന ഹോട്ടൽ മേഖലയെയും ബാധിക്കുന്നുണ്ട്. അതേസമയം, ചില വലിയ മത്സ്യങ്ങളുടെ വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമാണ്. കിലോയ്ക്ക് 250 രൂപയുണ്ടായിരുന്ന വറ്റയുടെ വില 100 രൂപയായി കുറഞ്ഞു. തിരുവനന്തപുരം മുതലപ്പൊഴിയിൽ ചാകര സമയത്ത് ലഭിച്ച വറ്റ കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ വറ്റയുടെ ആവശ്യക്കാർ കുറഞ്ഞതാണ് വിലയിടിവിന് കാരണമായതെന്നാണ് വിപണിയിലെ വിലയിരുത്തൽ.