മാതാപിതാക്കളുടെ അവഗണന: അമിതവണ്ണം മൂലം 7 വയസുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലപാതകക്കുറ്റം

ഭക്ഷണ കാര്യങ്ങളിൽ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നതാണ് കുട്ടിക്ക് ചെറുപ്രായത്തിൽ തന്നെ കടുത്ത അമിതഭാരമുണ്ടാകാൻ കാരണമായത്.

മാതാപിതാക്കളുടെ അവഗണന: അമിതവണ്ണം മൂലം 7 വയസുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലപാതകക്കുറ്റം

മിഷിഗൺ: അമിതഭാരത്തെത്തുടർന്നുണ്ടായ ഹൃദയരോഗം മൂലം ഏഴ് വയസുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അമേരിക്കൻ പൊലീസ്. അമേരിക്കയിലെ മിഷിഗണിലുള്ള ഫ്ലിന്റ് ടൗൺഷിപ്പിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ മരണത്തിൽ മാതാപിതാക്കൾക്കെതിരെ കൊലപാതകം, ബാലപീഡനം, കുട്ടികളോടുള്ള കടുത്ത അവഗണന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ നവംബറിലാണ് 113 കിലോഗ്രാം ഭാരമുണ്ടായിരുന്ന കാസ്പർ ഒബ്രിയാൻ എന്ന ഏഴ് വയസുകാരൻ മരണപ്പെടുന്നത്. കുട്ടിയുടെ അമിതഭാരം മൂലമുണ്ടായ ഹൃദയസംബന്ധമായ പ്രശ്നങ്ങളും ശ്വാസതടസ്സവുമാണ് മരണത്തിലേക്ക് നയിച്ചത്. ശ്വസിക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്നാണ് മാതാപിതാക്കൾ അടിയന്തര വൈദ്യസഹായം തേടിയതെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അവഗണനയാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയതും ഇവർക്കെതിരെ കേസെടുത്തതും.

ഭക്ഷണ കാര്യങ്ങളിൽ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നതാണ് കുട്ടിക്ക് ചെറുപ്രായത്തിൽ തന്നെ കടുത്ത അമിതഭാരമുണ്ടാകാൻ കാരണമായത്. അമിത ഭാരം കാരണം സ്കൂളിൽ പോകാൻ കഴിയാതെ സദാസമയവും കിടക്കയിൽ തന്നെയായിരുന്നു ഈ ഏഴ് വയസുകാരന്റെ ജീവിതം. സർക്കാർ രേഖകളിൽ പോലും ഈ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഒടുവിൽ കുട്ടിയെ പുറത്തെത്തിക്കാൻ വീടിന്റെ വാതിൽ വരെ പൊളിക്കേണ്ടി വന്നു.