70 കടന്നവർക്ക് സപ്ലൈകോയുടെ സ്പെഷ്യൽ ഓഫർ: കേരളപ്പിറവിയിൽ വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്, ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവ്

ശബരി വെളിച്ചെണ്ണ, പൊടികൾ, പായസമിക്സ് എന്നിവയ്ക്കാണ് ഓഫറുകൾ ലഭിക്കുക. കൂടാതെ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങൾ ഒക്ടോബർ 31ന് വിപണിയിലിറക്കും.

70 കടന്നവർക്ക് സപ്ലൈകോയുടെ സ്പെഷ്യൽ ഓഫർ: കേരളപ്പിറവിയിൽ വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്, ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവ്

തിരുവനന്തപുരം: കേരളത്തിന്റെ 70-ാം പിറന്നാൾ വേളയിൽ, സംസ്ഥാനത്തെ 70 വയസ്സും അതിനു മുകളിലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് സപ്ലൈകോയുടെ ആദരമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. നാടിന്റെ പുരോഗതിക്ക് വഴികാട്ടിയായ മുതിർന്ന തലമുറയെ ആദരിക്കുന്നതിനായി നവംബർ 1 മുതൽ 7 വരെയാണ് ഈ ഓഫറുകൾ ലഭ്യമാവുക. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന മുതിർന്ന ഉപഭോക്താക്കൾക്ക്, ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ ഇളവുചെയ്ത്, ലിറ്ററിന് 229 രൂപ നിരക്കിൽ വെളിച്ചെണ്ണ നൽകും.

കൂടാതെ, മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് നവംബർ 1 മുതൽ 7 വരെ നിലവിലെ വിൽപ്പന വിലയിൽ നിന്ന് 7 ശതമാനം അധിക വിലക്കുറവ് നൽകും. കേരളപ്പിറവി പ്രമാണിച്ച് ശബരി പായസമിക്സ് ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള വിലക്കുറവിനു പുറമെ 10 ശതമാനം അധിക ഇളവ് നവംബർ 1 മുതൽ 30 വരെ ലഭ്യമാക്കും. ഈ ഓഫറുകൾ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ്.

അതേസമയം, സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കാനും, ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കാനും സപ്ലൈകോ ഒരുങ്ങുകയാണ്. ഒക്ടോബർ 31-ന് വൈകിട്ട് മൂന്നിന് എറണാകുളം ഐ.എം.എ. ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഈ പുതിയ ഉൽപ്പന്നങ്ങളുടെ വിപണി ഉദ്ഘാടനം നിർവ്വഹിക്കും.