കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ നവംബർ 2ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്. മുന്നറിയിപ്പുള്ള ജില്ലകളിൽ കാലാവസ്ഥാ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും മഴ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ നിരീക്ഷിക്കണമെന്നും നിർദേശിക്കുന്നു.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലെ മഴയുടെ തീവ്രത സംബന്ധിച്ച പുതുക്കിയ അറിയിപ്പുകൾക്കായി ജാഗ്രത പാലിക്കണം.