മകന്റെ സസ്‌പെൻഷൻ വാർത്തയിൽ മനോവിഷമം; എസ്‌ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു
ചേരാനല്ലൂർ സ്റ്റേഷനിലെ എസ്‌ഐ കെ.ടി. മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പിൽ എൻ.കെ. സരസു (71) ആണ് മരിച്ചത്
കൊച്ചി: ചേരാനല്ലൂർ അപകടക്കേസുമായി ബന്ധപ്പെട്ട് മകൻ സസ്‌പെൻഷനിലായെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് മരിച്ചു. ചേരാനല്ലൂർ സ്റ്റേഷനിലെ എസ്‌ഐ കെ.ടി. മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പിൽ എൻ.കെ. സരസു (71) ആണ് മരിച്ചത്. സസ്‌പെൻഷൻ വിവരം അറിഞ്ഞതോടെ സരസു ഏറെ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
17കാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്നാണ് മനോജുൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. ഏതാനും ദിവസങ്ങളായി മകൾ മഞ്ജുവിന്റെ പാതാളത്തെ വീട്ടിലായിരുന്നു സരസുവിന്റെ താമസം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്ന ഇവർക്ക് മകനെതിരായ നടപടിയുടെ വാർത്ത വലിയ ആഘാതമായെന്നാണ് ബന്ധുക്കൾ പറയുന്നത്.
ടെലിവിഷനിൽ വാർത്ത കണ്ട സരസു ചേരാനല്ലൂരിൽ എന്താണ് സംഭവിച്ചതെന്ന് മകളോട് അന്വേഷിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ മരുന്നുമായി മനോജ് വീട്ടിലെത്തി. മകനെ കണ്ടതോടെ സരസു വികാരാധീനയായി. അമ്മയോടൊപ്പം കുറച്ചുനേരം ചെലവഴിച്ച് ആശ്വസിപ്പിച്ച ശേഷം മനോജ് മുപ്പത്തടത്തെ താമസസ്ഥലത്തേക്ക് മടങ്ങി. പിന്നീട് ബിനാനിപുരം പൊലീസ് സ്റ്റേഷൻ വരെ എത്തിയ മനോജിനെ സഹോദരി ഫോണിൽ വിളിച്ച് തിരികെ വരാൻ ആവശ്യപ്പെട്ടു. അമ്മയ്ക്ക് അസുഖമാണെന്ന വിവരത്തെ തുടർന്ന് വീട്ടിലെത്തിയപ്പോഴേക്കും സരസു മരിച്ചിരുന്നു.
പരേതനായ തേവനാണ് സരസുവിന്റെ ഭർത്താവ്. സനൽകുമാർ, സുമ എന്നിവർ മരുമക്കളാണ്.
Comments ()