ഗുരുഗ്രാമിലെ ക്രിക്കറ്റ് അക്കാദമിയിൽ ദുരന്തം: റോളർ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം
റോളർ മുന്നോട്ടും പിന്നോട്ടും ചലിച്ചതോടെ ആകാശ് റോളറിന് അടിയിലേക്ക് വീഴുകയും ചതഞ്ഞരയുകയുമായിരുന്നു. അപകടം കണ്ട ഭയന്ന മറ്റ് കുട്ടികൾ അവിടെനിന്ന് ഓടിപ്പോയി
ഹരിയാനയിലെ ഗുരുഗ്രാം ഐഎംടി മാനസറിലുള്ള ഒരു ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ ആകാശ് കുമാർ എന്ന കുട്ടിയാണ് ഈ ദൗർഭാഗ്യകരമായ അപകടത്തിൽ കൊല്ലപ്പെട്ടത്. ആകാശും സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളും ചേർന്ന് അക്കാദമി ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ ഏകദേശം 750 കിലോഗ്രാം ഭാരമുള്ള പിച്ച് റോളറിന് മുകളിലേക്ക് കയറിയ കുട്ടികളിലൊരാൾ അബദ്ധത്തിൽ ഇതിന്റെ സ്വിച്ച് ഓൺ ചെയ്യുകയായിരുന്നു. സ്വിച്ച് ഓണായതോടെ റോളർ മുന്നോട്ടും പിന്നോട്ടും ചലിക്കാൻ തുടങ്ങുകയും, ഇതിനിടയിൽ താഴേക്ക് വീണ ആകാശ് റോളറിനടിയിൽപ്പെട്ട് ചതഞ്ഞരയുകയുമായിരുന്നു.
അപകടം നടക്കുമ്പോൾ റോളർ നിരീക്ഷിക്കാനോ കുട്ടികളെ ശ്രദ്ധിക്കാനോ ഗ്രൗണ്ടിൽ മുതിർന്നവരാരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. അപകടം കണ്ടുഭയന്ന മറ്റ് കുട്ടികൾ അവിടെനിന്ന് ഓടിപ്പോയതിനാൽ ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് പുറത്തുനിന്നുള്ളവർ സംഭവമറിയുന്നത്. പിന്നീട് അക്കാദമിയിലെത്തിയ മറ്റ് കളിക്കാരാണ് ആകാശിന്റെ മൃതദേഹം ഗ്രൗണ്ടിൽ കണ്ട് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. ഉടൻതന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ആർക്കെതിരെയും കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും ഇതൊരു ദൗർഭാഗ്യകരമായ അപകടം മാത്രമാണെന്നും കുട്ടിയുടെ കുടുംബം പോലീസിനെ അറിയിച്ചു. കുടുംബത്തിന് പരാതിയില്ലാത്തതിനെ തുടർന്ന് പോലീസ് ബി.എൻ.എസ്.എസ് (BNSS) സെക്ഷൻ 194 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുകയും, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.
Comments ()