മക്കൾ കൈവിട്ടെന്ന് പരാതി; സൺഷെയ്ഡിൽ നിന്ന് ചാടാൻ ശ്രമിച്ച് വയോധിക
വയോധികയ്ക്ക് മൂന്ന് മക്കളാണുള്ളത്. ഇവരിൽ സുധയെ പരിചരിച്ചിരുന്ന മകൻ നേരത്തെ മരിച്ചിരുന്നു. മറ്റ് രണ്ട് മക്കളും അമ്മയുടെ സംരക്ഷണത്തിന് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
തിരുവനന്തപുരം: സംരക്ഷിക്കാനാളില്ലെന്ന വിഷമത്തെത്തുടർന്ന് വീടിന്റെ സൺഷെയ്ഡിൽ നിന്ന് ചാടാൻ ശ്രമിച്ച 82കാരിയെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പിന്തിരിപ്പിച്ചു. തിരുവനന്തപുരം വർക്കലയിലെ വോലാൻകോണത്താണ് സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സുധയാണ് ഇന്ന് രാവിലെ ജീവനൊടുക്കാൻ ശ്രമിച്ചത്.
വയോധികയ്ക്ക് മൂന്ന് മക്കളാണുള്ളത്. ഇവരിൽ സുധയെ പരിചരിച്ചിരുന്ന മകൻ നേരത്തെ മരിച്ചിരുന്നു. മറ്റ് രണ്ട് മക്കളും അമ്മയുടെ സംരക്ഷണത്തിന് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. സമീപവാസികൾ നൽകുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് വയോധിക കഴിയുന്നതെന്നും കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
മരിച്ച മകൻ പണയം വെച്ച വീടും ഇപ്പോൾ ജപ്തി നടപടികളുടെ ഭീഷണിയിലാണെന്നാണ് വിവരം. വയോധികയെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതി നേരത്തെ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സുധയ്ക്ക് സുരക്ഷിതമായ താമസവും ആവശ്യമായ പരിചരണവും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments ()