'വിലപ്പെട്ട മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടു; കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെ' ; സുഹൈലിൻ്റെ അമ്മ നൂഹ സജീവ്

നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും അവർ പറഞ്ഞു.

'വിലപ്പെട്ട മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടു; കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെ' ; സുഹൈലിൻ്റെ അമ്മ നൂഹ സജീവ്

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിൽ പ്രതി സുഹൈൽ സജീവിൻ്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ് പ്രതികരണവുമായി രംഗത്തെത്തി. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ നൂഹ സജീവ് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കുമെന്നും, മൂന്നു കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. കുഞ്ഞ് നഷ്ടപ്പെടുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന വേദന തനിക്ക് മനസ്സിലാകും. എന്നാൽ തൻ്റെ വാക്കുകൾ അവരുടെ ദുഖത്തിന് കുറവാവില്ലെന്ന് അറിയാമെന്നും നൂഹ സജീവ് പറഞ്ഞു.

കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. അപകടവുമായി ബന്ധപ്പെട്ട് നിയമം നിയമപരമായി മുന്നോട്ടുപോകട്ടെ. എല്ലാം സത്യസന്ധമായി നടക്കണമെന്നും സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെയെന്നും അവർ ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാമെന്നും എല്ലാവർക്കും തങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്ന് മനസ്സിലാക്കുന്നുവെന്നും നൂഹ പറഞ്ഞു. ഇത്രയും ദുഷ്കരമായ സാഹചര്യത്തിൽ തനിക്കും തൻ്റെ കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അവർ വീഡിയോ അവസാനിപ്പിച്ചത്.