അമേരിക്കൻ പൗരത്വം വേണ്ട, മരിക്കേണ്ടത് ഇന്ത്യക്കാരിയായി; നിയമസഹായം തേടി 94-കാരി കളക്ടറേറ്റിൽ
ജന്മനാട്ടില്‍ മടങ്ങിയെത്തി ഇന്ത്യന്‍ പൗരയായി മരിക്കണമെന്ന ആഗ്രഹവുമായി 94-കാരി.
ബപട്ല: ജന്മനാട്ടില്‍ മടങ്ങിയെത്തി ഇന്ത്യന്‍ പൗരയായി മരിക്കണമെന്ന ആഗ്രഹവുമായി 94-കാരി. ആന്ധ്രാപ്രദേശിലെ ബപട്ല സ്വദേശിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മയാണ് തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കാന്‍ നിയമസഹായം തേടി ജില്ലാ കളക്ടറെ സമീപിച്ചത്.
ജോലി, വിദ്യാഭ്യാസം അടക്കം സാധ്യമായ വഴികളിലൂടെ യുവതലമുറ വിദേശ നാടുകളിലേക്ക് കുടിയേറി പാര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജന്മനാട്ടില്‍ അന്ത്യവിശ്രമം സാധ്യമാക്കാന്‍ സഹായം തേടി 94 കാരി അധികൃതരെ സമീപിക്കുന്നത്.
ഭര്‍ത്താവിന്റെ മരണശേഷമാണ് ചിന്താഗുപാല ഗ്രാമവാസിയായ മഹാലക്ഷ്മമ്മ അമേരിക്കയിലേക്ക് കുടിയേറിയതും അവിടുത്തെ പൗരത്വം നേടിയതും. എന്നാല്‍, തന്റെ ജീവിതത്തിന്റെ അവസാന നാളുകള്‍ സ്വന്തം നാട്ടില്‍ ചെലവഴിക്കണമെന്നും അന്തിമകര്‍മ്മങ്ങള്‍ ഇന്ത്യയില്‍ വെച്ച് നടത്തണമെന്നുമാണ് ഇവരുടെ ആഗ്രഹം. ഇതിനായി ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചൊവ്വാഴ്ച ഇവര്‍ കളക്ടറേറ്റില്‍ എത്തുകയായിരുന്നു. ദേശസ്‌നേഹത്തിന്റെയും വേരുകളോടുള്ള മമതയുടെയും അപൂര്‍വ്വമായൊരു മാതൃകയാവുകയാണ് ഈ വയോധിക.
Comments ()