22 ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് നിർണായക ദിനം; നീറ്റ് പുനഃപരീക്ഷ കർശന മേൽനോട്ടത്തിൽ
ഇന്ത്യയിലെ നൂറുകണക്കിന് നഗരങ്ങളിലെയും വിദേശത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന പരീക്ഷ കടുത്ത സുരക്ഷാസംവിധാനങ്ങളോടെയാണ് നടക്കുക.ഇന്ത്യയിലെ നൂറുകണക്കിന് നഗരങ്ങളിലെയും വിദേശത്തുള്ള പരീക്ഷാ കേന്ദ്രങ്ങളിലെയും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷ നടക്കുന്ന എല്ലാ മുറികളിലും സിസിടിവി നിരീക്ഷണവും ഇൻവിജിലേറ്റർമാരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ കേന്ദ്രങ്ങളിലെ സുരക്ഷാ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
ഓരോ പരീക്ഷാ കേന്ദ്രത്തിലും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനുമായി കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
51,311 ജാമറുകളും 1,38,560 സിസിടിവികളുമാണ് പരീക്ഷാ നടത്തിപ്പിനായി തയാറാക്കിയിട്ടുള്ളത്. ബയോമെട്രിക് പരിശോധന ഉൾപ്പെടെയുള്ള തിരിച്ചറിയൽ നടപടികൾ കർശനമായി നടപ്പാക്കും. പരീക്ഷാർഥികളുടെ ദേഹപരിശോധനയും വിശദമായി നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പരീക്ഷ 5.15 വരെ തുടരും. പരീക്ഷാർഥികൾക്ക് രാവിലെ 11.30 മുതൽ കേന്ദ്രങ്ങളിൽ എത്താം. എന്നാൽ ഉച്ചയ്ക്ക് 1.30 ന് ശേഷം എത്തുന്നവരെ പരീക്ഷയ്ക്ക് അനുവദിക്കില്ലെന്ന് എൻടിഎ മുന്നറിയിപ്പ് നൽകി.
Comments ()