സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ വിദേശ പഠനച്ചെലവ്; പണം എവിടെനിന്ന്?, പിതാവിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ

മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ദീപ്കെയുടെ പിതാവ് ഭഗവാൻ റാവു ദീപ്കെ, മകന്റെ വിദേശ വിദ്യാഭ്യാസത്തിനാവശ്യമായ സാമ്പത്തിക സ്രോതസ് എങ്ങനെ കണ്ടെത്തിയെന്ന കാര്യത്തിൽ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ വിദേശ പഠനച്ചെലവ്; പണം എവിടെനിന്ന്?,  പിതാവിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ

അഹമ്മദാബാദ്: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി രംഗത്തെത്തി. മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ദീപ്കെയുടെ പിതാവ് ഭഗവാൻ റാവു ദീപ്കെ, മകന്റെ വിദേശ വിദ്യാഭ്യാസത്തിനാവശ്യമായ സാമ്പത്തിക സ്രോതസ് എങ്ങനെ കണ്ടെത്തിയെന്ന കാര്യത്തിൽ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ അമിത് തിവാരി, ദീപ്കെയുടെ പിതാവിന്റെ വരുമാനവും സ്വത്തുവിവരങ്ങളും ബന്ധപ്പെട്ട ഏജൻസികൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്നതും അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അതോടൊപ്പം, കോക്രോച്ച് ജനതാ പാർട്ടി ഔദ്യോഗികമായി രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും, രജിസ്ട്രേഷൻ ഇല്ലെങ്കിൽ പാർട്ടിയുടെ പേരിൽ ഫണ്ട് സ്വീകരിക്കുന്നത് നിയമപരമായി സാധുവാണോയെന്നും അമിത് തിവാരി ചോദ്യം ഉയർത്തി.

ഇതിനുപുറമെ, അഭിഭാഷകനായ കപിൽ സിബൽ സിജെപി പ്രതിഷേധക്കാർക്കായി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ടിന്റെ ഉറവിടവും ഉപയോഗവും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫണ്ടിന് ജിഎസ്ടി ബാധകമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിനും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്.