തമിഴ്നാടിന് വെള്ളം നൽകുന്നതിൽ നിയന്ത്രണം; കാവേരി തർക്കത്തിൽ കർണാടകത്തിന്റെ പുതിയ നിലപാട്
നിലവിലെ മഴയെ തുടർന്നാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നതെന്നും അതിനാലാണ് തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ സാധിച്ചതെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ മഴ കുറഞ്ഞ് ജലലഭ്യത കുറഞ്ഞാൽ തമിഴ്നാടിന് വെള്ളം നൽകുന്നത് തുടരാനാകില്ലെന്നും അറിയിച്ചു
ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ സ്വന്തം നിലപാട് കൂടുതൽ ശക്തമാക്കി കർണാടക സർക്കാർ. ജലവിതരണ വിഷയത്തിൽ താൽക്കാലിക തീരുമാനങ്ങൾക്ക് പകരം സ്ഥിരമായ പരിഹാരം വേണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇതിനായി കേന്ദ്ര സർക്കാരോ സുപ്രീംകോടതിയോ ഇടപെട്ട് ദീർഘകാല പരിഹാരമുണ്ടാക്കണമെന്ന് കർണാടക ആവശ്യപ്പെട്ടു.
നിലവിലെ മഴയെ തുടർന്നാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നതെന്നും അതിനാലാണ് തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ സാധിച്ചതെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ മഴ കുറഞ്ഞ് ജലലഭ്യത കുറഞ്ഞാൽ തമിഴ്നാടിന് വെള്ളം നൽകുന്നത് തുടരാനാകില്ലെന്നും അറിയിച്ചു. കബനി, ഹാരംഗി അണക്കെട്ടുകളിൽ നിന്ന് നിലവിൽ വെള്ളം ഒഴുക്കുന്നുണ്ടെങ്കിലും ഭാവി ആവശ്യങ്ങൾ മുൻനിർത്തി 40 ടി.എം.സി വെള്ളം കരുതൽ ശേഖരമായി നിലനിർത്താനാണ് തീരുമാനം.
ഇതിനിടെ കാവേരി വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി നിശ്ചയിച്ചിരുന്ന ചർച്ചയും മാറ്റിവെച്ചു. നിലവിലെ സംഘർഷാവസ്ഥയിൽ കൂടിക്കാഴ്ച നടത്തുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കന്നഡ സംഘടനകൾ ശക്തമായ പ്രതിഷേധം പ്രഖ്യാപിക്കുകയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ബെംഗളൂരു സന്ദർശനത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യവും ഇതിന് പിന്നിലുണ്ട്.
ഡിഎംകെ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിശദീകരണം തേടിയാൽ മറുപടി നൽകുമെന്നും, എന്നാൽ സർക്കാർ സ്വമേധയാ കോടതിയെ സമീപിക്കില്ലെന്നും കർണാടക സർക്കാർ അറിയിച്ചു.
Comments ()