'അവൻ എനിക്ക് രക്തസാക്ഷി': ദമാം ആക്രമണത്തിൽ തീ അണയ്ക്കുന്നതിനിടെ മരിച്ച മകനെ കുറിച്ച് പിതാവിന്റെ വികാരനിർഭരമായ കുറിപ്പ്

ഒക്ടോബർ 21 ബുധനാഴ്ച വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെയാണ് സുൽത്താൻ ബിൻ അലി അൽ മസ്തൂർ അൽ ഖഹ്താനി അപകടത്തിൽപ്പെട്ടത്.

'അവൻ എനിക്ക് രക്തസാക്ഷി': ദമാം ആക്രമണത്തിൽ തീ അണയ്ക്കുന്നതിനിടെ മരിച്ച മകനെ കുറിച്ച് പിതാവിന്റെ വികാരനിർഭരമായ കുറിപ്പ്

തീപിടിത്തത്തിനിടയിലും സ്വന്തം സുരക്ഷ നോക്കാതെ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് വീരമൃത്യു വരിച്ച മകനെക്കുറിച്ചുള്ള പിതാവിന്റെ ഓര്‍മ്മക്കുറിപ്പ് നൊമ്പരമാകുന്നു. ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെ പുക ശ്വസിച്ച് മരണപ്പെട്ട സുല്‍ത്താന്‍ ബിന്‍ അലി മല്‍ മസ്തൂര്‍ അല്‍ ഖഹ്താനിയെ കുറിച്ചാണ് പിതാവ് അലി അല്‍ ഖഹ്താനി വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചത്. മറ്റുള്ളവര്‍ക്കായി ജീവന്‍ ബലിയര്‍പ്പിച്ച മകന്റെ ധീരതയില്‍ അഭിമാനമുണ്ടെന്നും അവന്‍ ഒരു യഥാര്‍ത്ഥ രക്തസാക്ഷിയാണെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

ഒക്ടോബര്‍ 21 ബുധനാഴ്ച വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോഴായിരുന്നു ദാരുണമായ സംഭവം. വിമാനത്താവളത്തിന് നേര്‍ക്കുണ്ടായ പ്രൊജക്‌റ്റൈല്‍ ആക്രമണത്തില്‍ യാത്രക്കാരുണ്ടായിരുന്ന വിമാനത്തിന് തീപിടിക്കുകയായിരുന്നു. അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാതിരിക്കാന്‍ സുല്‍ത്താനും സഹപ്രവര്‍ത്തകരും ഉടന്‍തന്നെ ലഭ്യമായ ഉപകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിലേക്ക് ചാടിവീഴുകയായിരുന്നു.

തീ നിയന്ത്രണവിധേയമാക്കുന്നതിനിടയില്‍ കടുത്ത പുക ശ്വസിച്ച സുല്‍ത്താന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു.

വിമാനത്താവളത്തിനുണ്ടായ ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും സൗദി പൗരനായ സുല്‍ത്താന്‍ ഉള്‍പ്പെടെ ഒരാള്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി വ്യോമയാന അധികൃതര്‍ സ്ഥിരീകരിച്ചു.

ഔദ്യോഗിക ജീവിതത്തിനപ്പുറം കുടുംബത്തോട് ഏറെ സ്‌നേഹവും അടുപ്പവും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു സുല്‍ത്താന്‍. ഭാര്യയും രണ്ട് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മകന്റെ വേര്‍പാടില്‍ കടുത്ത ദുഃഖമുണ്ടെങ്കിലും, മറ്റുള്ളവരുടെ ജീവന്‍ കാക്കാന്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച മകന്റെ ത്യാഗത്തില്‍ എന്നും അഭിമാനിക്കുമെന്ന് പിതാവ് അലി അല്‍ ഖഹ്താനി കൂട്ടിച്ചേര്‍ത്തു.