പരിക്കേറ്റിട്ടും പോരാടി; ഫ്ലൈ ദുബായ് ക്യാപ്റ്റന്റെ ധീരതയ്ക്ക് അംഗീകാരം, യുഎഇയുടെ ഉന്നത ബഹുമതി

രാജ്യത്തെ ഉന്നത ബഹുമതികളിലൊന്നായ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ്–2 ആണ് ജീവനക്കാർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് പുരസ്കാരം കൈമാറിയത്

പരിക്കേറ്റിട്ടും പോരാടി; ഫ്ലൈ ദുബായ് ക്യാപ്റ്റന്റെ ധീരതയ്ക്ക് അംഗീകാരം, യുഎഇയുടെ ഉന്നത ബഹുമതി

ദുബായ്: വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണം നേരിട്ട് 174 യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള ഫ്ലൈ ദുബായ് ജീവനക്കാരെ ആദരിച്ച് യുഎഇ. രാജ്യത്തെ ഉന്നത ബഹുമതികളിലൊന്നായ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ്–2 ആണ് ജീവനക്കാർക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് പുരസ്കാരം കൈമാറിയത്.

സെപ്റ്റംബർ അവസാന വാരത്തിലായിരുന്നു ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയ്ക്കിടെ ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ആക്രമണത്തെ പ്രതിരോധിച്ച ക്യാപ്റ്റൻ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ചേർന്ന് ആക്രമിയെ കീഴ്പ്പെടുത്തി.

വിമാനത്തിലുണ്ടായിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാർ പിന്നീട് നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിനുള്ളിൽ ഉണ്ടായേക്കാവുന്ന വലിയ ദുരന്തം ഒഴിവാക്കുന്നതിൽ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ ഇടപെടൽ നിർണായകമായി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി നടത്തിയ ഇടപെടലിനുള്ള അംഗീകാരമായാണ് യുഎഇയുടെ ആദരം.