കുവൈത്ത് ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന; മൂന്ന് പേർക്ക് വധശിക്ഷ
ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നും ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധം പുലർത്തിയെന്നും ആരോപിക്കപ്പെടുന്ന കേസിൽ എട്ട് പേർക്ക് അഞ്ചുവർഷം വീതം തടവും വിധിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി: രാജ്യത്തെ ഉന്നത ഭരണനേതാവിനെ ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നും ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധം പുലർത്തിയെന്നും ആരോപിക്കപ്പെടുന്ന കേസിൽ എട്ട് പേർക്ക് അഞ്ചുവർഷം വീതം തടവും വിധിച്ചിട്ടുണ്ട്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് കേസിലെ പ്രധാന ആരോപണം. ഹുസൈൻ അബ്ദുല്ല അൽ മതൂഖ്, ഹസൻ അബ്ദുൽഹാദി ഹാജിയ, അബ്ദുൽറെസ ഹൈദർ ദെഹ്ഖാനി എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ, വിദേശരാജ്യത്തിനുവേണ്ടിയുള്ള ചാരവൃത്തി, ഹിസ്ബുള്ളയുമായുള്ള ബന്ധം, കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കങ്ങൾ തുടങ്ങിയ കുറ്റങ്ങളും കേസിൽ ഉൾപ്പെട്ടിരുന്നു.
ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ വിവിധ ഘട്ടങ്ങളിലായാണ് നടന്നതെന്നാണ് കേസ് രേഖകൾ പറയുന്നത്. നാലാം പ്രതി മുതൽ പത്താം പ്രതി വരെയുള്ളവർ പദ്ധതി സംബന്ധിച്ച് ചർച്ച നടത്തുകയും ഓരോരുത്തർക്കും പ്രത്യേക ചുമതലകൾ നൽകുകയും ചെയ്തതായി അന്വേഷണത്തിൽ ചൂണ്ടിക്കാട്ടി. ആദ്യ മൂന്ന് പ്രതികളുടെ നിർദേശപ്രകാരം ആക്രമണത്തിനാവശ്യമായ ഉപകരണങ്ങൾ എത്തിക്കേണ്ട ഉത്തരവാദിത്തം പതിനൊന്നാം പ്രതിക്കായിരുന്നു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തി ജനങ്ങൾക്കിടയിൽ ഭീതിയും രാജ്യത്ത് അസ്ഥിരതയും സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനായി സ്ഫോടകവസ്തുക്കൾ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചതായും കേസ് രേഖകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 26 തിങ്കളാഴ്ചയാണ് രാജ്യസുരക്ഷാ വിഭാഗം കോടതി വിധി പ്രഖ്യാപിച്ചത്.
Comments ()