യു.എ.ഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി

യുഎഇയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് മതിയായ മെഡിക്കൽ ഇൻഷുറൻസ് എടുക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

യു.എ.ഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി

അബുദാബി: യുഎഇയിലേക്ക് സന്ദർശനത്തിനും വിനോദസഞ്ചാരത്തിനുമായി എത്തുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാരും മതിയായ മെഡിക്കൽ ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും നിർദേശിച്ചു. അപ്രതീക്ഷിത രോഗങ്ങളോ അടിയന്തര വൈദ്യസഹായ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ വലിയ തുക ചികിത്സാച്ചെലവായി നൽകേണ്ടി വരുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നയതന്ത്ര കാര്യാലയങ്ങൾ നിർണായക മുന്നറിയിപ്പ് നൽകിയത്.

ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയില്ലാത്തത് പലപ്പോഴും ചികിത്സാച്ചെലവുകൾ താങ്ങാനാകാത്ത വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രോഗികളെയും കുടുംബങ്ങളെയും തള്ളിയിടുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമമായ 'എക്സി'ലൂടെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.

യുഎഇയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് എടുക്കുന്ന ഇൻഷുറൻസ് പോളിസികളിൽ, അടിയന്തര സാഹചര്യങ്ങളിൽ രോഗിയെ വൈദ്യസഹായത്തോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ചെലവുകൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് യാത്രക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ, ആശുപത്രികളിൽ മുൻകൂറായി പണം അടയ്ക്കാതെ ചികിത്സ ലഭ്യമാക്കുന്ന 'ക്യാഷ്‌ലെസ്' സൗകര്യം പോളിസിയിലുണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

തൊഴിൽ വിസയിലോ ഡിപ്പൻഡന്റ് വിസയിലോ നിലവിൽ യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരും തങ്ങളുടെ ഇൻഷുറൻസ് പോളിസികൾ പുനഃപരിശോധിക്കേണ്ടതുണ്ട്. നിലവിലുള്ള ഇൻഷുറൻസ് യുഎഇയിലെ ഉയർന്ന ചികിത്സാച്ചെലവുകൾക്കും ആവശ്യമെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവുകൾക്കും പര്യാപ്തമാണോ എന്ന് പരിശോധിക്കണം.

വെറുമൊരു ഇൻഷുറൻസ് പോളിസി ഉണ്ടെന്നതുകൊണ്ടുമാത്രം എല്ലാത്തരം ചികിത്സാച്ചെലവുകളും പരിരക്ഷിക്കപ്പെടണമെന്നില്ലെന്നും, പോളിസിയിലെ നിബന്ധനകളും ഒഴിവാക്കലുകളും കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതുണ്ടെന്നും എംബസി വ്യക്തമാക്കി. അതിനാൽ യുഎഇയിലേക്ക് യാത്ര തിരിക്കുന്നവരും രാജ്യത്ത് നിലവിൽ താമസിക്കുന്നവരും മെഡിക്കൽ കവറേജ്, ക്യാഷ്‌ലെസ് സൗകര്യം, അടിയന്തര സാഹചര്യങ്ങളിലെ മാറ്റിപ്പാർപ്പിക്കൽ ചെലവുകൾ എന്നിവ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് നയതന്ത്ര കാര്യാലയങ്ങൾ അഭ്യർത്ഥിച്ചു.