സമരവും രാഷ്ട്രീയവും ചേർന്ന ജീവിതം; വി.എസിന്റെ ഓർമകൾക്ക് ഒരു വർഷം

എട്ടു പതിറ്റാണ്ടിലേറെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം സമരനേതാവായും നിയമസഭാംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ജനമനസുകളിൽ ശക്തമായ സാന്നിധ്യം സൃഷ്ടിച്ചു

സമരവും രാഷ്ട്രീയവും ചേർന്ന ജീവിതം; വി.എസിന്റെ ഓർമകൾക്ക് ഒരു വർഷം

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ജനകീയ പോരാട്ടങ്ങളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും മുഖമായി മാറിയ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. എട്ടു പതിറ്റാണ്ടിലേറെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം സമരനേതാവായും നിയമസഭാംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ജനമനസുകളിൽ ശക്തമായ സാന്നിധ്യം സൃഷ്ടിച്ചു. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും പൊതുജനപ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയനേതാവെന്ന നിലയിലാണ് വി.എസിനെ കേരളം ഓർക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തൊഴിലാളി സമരങ്ങളിലൂടെയായിരുന്നു. പുന്നപ്ര–വയലാർ സമരകാലം മുതൽ പാർട്ടി സംഘടനാ രംഗത്ത് നിർണായക പങ്കുവഹിച്ച വി.എസ്., 1964-ൽ സി.പി.ഐ വിഭജനത്തിനുശേഷം സി.പി.എം രൂപീകരണത്തിൽ പങ്കാളിയായി. പിന്നീട് സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം അഴിമതിക്കെതിരായ നിലപാടുകളിലൂടെ ദേശീയ തലത്തിലും ശ്രദ്ധേയനായി. പാമോലിൻ, ലാവ്‌ലിൻ, ഐസ്‌ക്രീം പാർലർ, എൻഡോസൾഫാൻ, പ്ലാച്ചിമട തുടങ്ങിയ നിരവധി വിഷയങ്ങളിൽ ശക്തമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്.

82-ാം വയസ്സിൽ മുഖ്യമന്ത്രിയായ വി.എസ്. ഭരണരംഗത്തും ജനകീയ സമീപനം തുടർന്നു. മരണാനന്തരമായി ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം കുടുംബം പാർട്ടിയുടെ തീരുമാനപ്രകാരം സ്വീകരിച്ചില്ല. അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴയിലെ വി.എസ്. സ്മാരകത്തിന്റെ ഉദ്ഘാടനവും അദ്ദേഹത്തിന്റെ ജന്മവീട്ടിൽ അർധകായ പ്രതിമ സ്ഥാപിക്കുന്ന ചടങ്ങും ഇന്നത്തെ പ്രധാന പരിപാടികളാണ്. സമരവും പൊതുസേവനവും ചേർന്ന ജീവിതത്തിലൂടെ കേരള രാഷ്ട്രീയത്തിൽ മായാത്ത അധ്യായം കുറിച്ച നേതാവെന്ന നിലയിലാണ് വി.എസ്. അച്യുതാനന്ദനെ ഇന്നും അനുസ്മരിക്കുന്നത്.