അബുദാബിയിൽ എവിടെയും കാർ കഴുകാനാകില്ല; അംഗീകൃത കേന്ദ്രങ്ങൾ നിർബന്ധം
ഒക്ടോബർ എട്ടിന് പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം, പാർക്കിങ് മാനേജ്മെന്റ് സംവിധാനത്തിന് കീഴിലുള്ള അംഗീകൃത ഇടങ്ങളിൽ മുൻകൂർ അനുമതി നേടിയ കമ്പനികൾക്ക് മാത്രമേ കാർ വാഷിങ് നടത്താൻ കഴിയൂ
അബുദാബി: പൊതുപാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ കഴുകുന്നതിനും അനുമതിയില്ലാത്ത ഇടങ്ങളിൽ കാർ വാഷിങ് സേവനങ്ങൾ നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി അബുദാബി മൊബിലിറ്റി. താമസമേഖലകളിലും വില്ലാ പരിസരങ്ങളിലും നിയമവിരുദ്ധമായി വാഹന ശുചീകരണം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒക്ടോബർ എട്ടിന് പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം, പാർക്കിങ് മാനേജ്മെന്റ് സംവിധാനത്തിന് കീഴിലുള്ള അംഗീകൃത ഇടങ്ങളിൽ മുൻകൂർ അനുമതി നേടിയ കമ്പനികൾക്ക് മാത്രമേ കാർ വാഷിങ് നടത്താൻ കഴിയൂ. അബുദാബി മൊബിലിറ്റിയുടെ അംഗീകാരവും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതും നിർബന്ധമാണ്. നഗരത്തിന്റെ വൃത്തിയും സൗന്ദര്യവും സംരക്ഷിക്കുന്നതിനൊപ്പം അനധികൃത സേവനങ്ങൾ നിയന്ത്രിക്കാനും പാർക്കിങ് സൗകര്യങ്ങളുടെ ദുരുപയോഗം തടയാനുമാണ് ഈ നീക്കം.
വാഹനങ്ങൾ വൃത്തിയാക്കാൻ ലൈസൻസുള്ള കമ്പനികളുടെ സേവനം മാത്രം പ്രയോജനപ്പെടുത്തണമെന്ന് വാഹന ഉടമകൾക്ക് അധികൃതർ നിർദേശം നൽകി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സേവനം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചു. പുതിയ നിയന്ത്രണങ്ങളെക്കുറിച്ചും അനുമതി നടപടികളെക്കുറിച്ചുമുള്ള വിവരങ്ങൾക്ക് മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പ് സേവന സഹായകേന്ദ്രത്തിന്റെ ടോൾ ഫ്രീ നമ്പറായ 800850-ൽ ബന്ധപ്പെടാം.
Comments ()