ജനന-മരണ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇനി മിനിറ്റുകൾക്കകം: അബുദാബിയിൽ 'താം' ആപ്പിൽ പുതിയ സേവനം
സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സേവനങ്ങൾ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.
അബുദാബിയിൽ ജനന-മരണ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനും അവ സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള (Attestation) നടപടികൾ ഇനി അബുദാബി ഗവൺമെന്റിന്റെ 'താം' (TAMM) ആപ്പ് വഴി അതിവേഗം പൂർത്തിയാക്കാം. യുഎഇ വിദേശകാര്യ മന്ത്രാലയവും അബുദാബി ആരോഗ്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ ഈ പുതിയ ഡിജിറ്റൽ സേവനം വഴി, മുൻപ് ഒന്നിലധികം ഓഫീസുകളെയും വെബ്‌സൈറ്റുകളെയും മാറിമാറി ആശ്രയിക്കേണ്ടി വന്നിരുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരമായിരിക്കുകയാണ്.
പൂർണ്ണമായും ഓൺലൈനായതിനാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ വീടുകളിലിരുന്ന് തന്നെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ഏതാനും മിനിറ്റുകൾക്കകം അപേക്ഷ സമർപ്പിക്കാനും അറ്റസ്റ്റേഷൻ പൂർത്തിയാക്കാനും സാധിക്കും. സേവനങ്ങളുടെ സമയത്തിലും നടപടിക്രമങ്ങളിലും 90 ശതമാനം വരെ കുറവു വരുത്തിയ ഈ സ്മാർട്ട് ഭരണസംവിധാനം, മുൻവർഷം മാത്രം 47,000-ത്തോളം സർട്ടിഫിക്കറ്റുകൾ നൽകിയ അബുദാബിയിലെ ആയിരക്കണക്കിന് പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമാകും.
Comments ()