ഏഴ് ടെക് ഭീമന്മാർക്ക് 55 ലക്ഷം കോടിയുടെ കടം; സാമ്പത്തിക ആശങ്ക ഉയർത്തി എ.ഐ നിക്ഷേപം
രാജ്യത്തെ ഏറ്റവും വലിയ ഏഴ് ടെക്‌നോളജി കമ്പനികളുടെ ആകെ കടം 55.49 ലക്ഷം കോടി രൂപയിലെത്തിയതായി എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മത്സരത്തില്‍ മുന്നിലെത്താനുള്ള ശ്രമങ്ങള്‍ക്കിടെ അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളുടെ കടബാധ്യതയില്‍ വന്‍ വര്‍ധന. രാജ്യത്തെ ഏറ്റവും വലിയ ഏഴ് ടെക്‌നോളജി കമ്പനികളുടെ ആകെ കടം 55.49 ലക്ഷം കോടി രൂപയിലെത്തിയതായി എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025നെ അപേക്ഷിച്ച് ഏകദേശം 45 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എ.ഐ സാങ്കേതികവിദ്യയ്ക്കാവശ്യമായ ഡാറ്റാ സെന്ററുകള്‍, കമ്പ്യൂട്ടിങ് സംവിധാനങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനായി കമ്പനികള്‍ നടത്തുന്ന ഭീമമായ ചെലവുകളാണ് കടം ഉയരാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
മാഗ്‌നിഫിസന്റ് സെവന്‍ കമ്പനികള്‍
ആല്‍ഫബെറ്റ്, ആമസോണ്‍, ആപ്പിള്‍, മെറ്റ, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ടെസ്ല എന്നീ ഏഴ് കമ്പനികളെയാണ് സാമ്പത്തിക ലോകം 'മാഗ്‌നിഫിസന്റ് സെവന്‍' എന്ന് വിളിക്കുന്നത്. 2025ല്‍ ഇവയുടെ മൊത്തം കടം 38.30 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 2026 പകുതിയോടെ ഈ തുക 55.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2023ല്‍ രേഖപ്പെടുത്തിയ കടബാധ്യതയേക്കാള്‍ ഏകദേശം 1.7 മടങ്ങ് കൂടുതലാണിത്. കമ്പനികളുടെ അക്കൗണ്ടുകളില്‍ നേരിട്ട് രേഖപ്പെടുത്താത്ത ചില സാമ്പത്തിക ബാധ്യതകളും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
പലിശ വര്‍ധന ഓഹരി വിപണിയെയും ബാധിച്ചേക്കാം
അമേരിക്കയിലെ പലിശനിരക്കുകളും സര്‍ക്കാര്‍ ബോണ്ടുകളുടെ നേട്ടവും ഉയരുന്നത് ടെക് കമ്പനികളുടെ വിപണി മൂല്യത്തിന് വെല്ലുവിളിയാകാമെന്നാണ് എസ്.ബി.ഐ റിസര്‍ച്ചിന്റെ വിലയിരുത്തല്‍. പലിശനിരക്ക് ഉയരുമ്പോള്‍ ഭാവിയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ നിലവിലെ മൂല്യം കുറയുകയും അതുവഴി ഓഹരി മൂല്യത്തില്‍ സമ്മര്‍ദമുണ്ടാകുകയും ചെയ്യാം.
ഇക്വിറ്റി ഡ്യൂറേഷന്‍ രീതിയിലുള്ള കണക്കുകൂട്ടല്‍ പ്രകാരം, ബോണ്ട് നേട്ടം ഉയരുന്ന സാഹചര്യമുണ്ടായാല്‍ മാഗ്‌നിഫിസന്റ് സെവന്‍ കമ്പനികളുടെ സംയുക്ത വിപണി മൂല്യത്തില്‍ 1.67 ലക്ഷം കോടി മുതല്‍ 2 ലക്ഷം കോടി ഡോളര്‍ വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 160.32 ലക്ഷം കോടി മുതല്‍ 192 ലക്ഷം കോടി രൂപ വരും. നിലവില്‍ ഈ കമ്പനികളുടെ ആകെ വിപണി മൂല്യം ഏകദേശം 2,208 ലക്ഷം കോടി രൂപയാണ്.
എ.ഐ രംഗത്തെ വളര്‍ച്ചയ്ക്കായി നടത്തുന്ന വന്‍ നിക്ഷേപങ്ങള്‍ ഭാവിയില്‍ എത്രത്തോളം ലാഭം നല്‍കുമെന്നതും അവയ്ക്കായി ഏറ്റെടുക്കുന്ന കടത്തിന്റെ തിരിച്ചടവ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതും നിര്‍ണായകമാകും. സാങ്കേതിക രംഗത്തെ വളര്‍ച്ചയ്‌ക്കൊപ്പം സാമ്പത്തിക ബാധ്യതകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ കമ്പനികളുടെ നിക്ഷേപ തന്ത്രങ്ങളും അമേരിക്കന്‍ ബോണ്ട് വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക രംഗം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
Comments ()