യുഎഇയിൽ ഓവർടേക്കിങ് നിയമങ്ങൾ കൂടുതൽ കർശനമാകുന്നു; 2027 ജനുവരി മുതൽ പുതിയ ചട്ടങ്ങൾ
ഓവർടേക്കിങ്ങിന് മുമ്പും ശേഷവും ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നടപടികളും നിരോധനമുള്ള സ്ഥലങ്ങളും പുതുക്കിയ വ്യവസ്ഥകളിൽ വിശദീകരിക്കുന്നു
ദുബൈ: യുഎഇയിലെ റോഡ് ഗതാഗതത്തിൽ ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ട നിയമങ്ങൾ 2027 ജനുവരി 1 മുതൽ പുതുക്കി നടപ്പാക്കും. ഏത് സാഹചര്യങ്ങളിൽ വാഹനങ്ങളെ മറികടക്കാം, വലതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ അനുമതിയുള്ളത് എപ്പോൾ, ഫാസ്റ്റ് ലൈനിൽ എത്രനേരം തുടരാം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതാണ് പുതിയ ചട്ടങ്ങൾ. ഓവർടേക്കിങ്ങിന് മുമ്പും ശേഷവും ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നടപടികളും നിരോധനമുള്ള സ്ഥലങ്ങളും പുതുക്കിയ വ്യവസ്ഥകളിൽ വിശദീകരിക്കുന്നു.
പുതുക്കിയ നിയമത്തിലെ 20-ാം വകുപ്പ് പ്രകാരം മുന്നിലുള്ള വാഹനത്തെ സാധാരണയായി ഇടതുവശത്തുകൂടി മാത്രമേ മറികടക്കാവൂ. എന്നാൽ മുന്നിലുള്ള വാഹനം മറ്റൊരു റോഡിലേക്ക് തിരിയുന്നതിനായി ഇടത്തേക്ക് മാറുകയും ആവശ്യമായ ടേൺ സിഗ്നൽ നൽകുകയും ചെയ്താൽ വലതുവശത്തുകൂടി മറികടക്കാം. ഇതിനായി മതിയായ സ്ഥലവും സുരക്ഷിതമായ സാഹചര്യവും ഉണ്ടായിരിക്കണം.
ഓവർടേക്കിങ് പൂർത്തിയായാൽ ഡ്രൈവർ വീണ്ടും വലതുവശത്തെ പാതയിലേക്ക് മാറണം. എന്നാൽ മുന്നിലുള്ള മറ്റൊരു വാഹനത്തെ കൂടി മറികടക്കാനുണ്ടെങ്കിൽ ഓവർടേക്കിങ് ലെയ്നിൽ തുടരാം. അതേസമയം പിന്നിൽനിന്ന് വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ഫാസ്റ്റ് ലൈനിൽ ദീർഘനേരം തുടരാൻ പാടില്ല.
ഈ ആറ് സാഹചര്യങ്ങളിൽ ഓവർടേക്കിങ് പാടില്ല
നിയമത്തിലെ 21-ാം വകുപ്പ് പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിലും സ്ഥലങ്ങളിലും വാഹനങ്ങളെ മറികടക്കുന്നത് നിരോധിച്ചിട്ടുണ്ട്. കാഴ്ചപരിധി കുറവായതിനാൽ മുന്നിലുള്ള റോഡോ വാഹനത്തിന്റെ പരിസരമോ വ്യക്തമായി കാണാൻ കഴിയാത്ത സാഹചര്യമാണ് ഇതിൽ പ്രധാനം. എതിർദിശയിൽനിന്ന് വാഹനങ്ങൾ വരുന്നതിനാൽ സുരക്ഷിതമായി മറികടക്കാൻ കഴിയാത്തപ്പോഴും ഓവർടേക്ക് ചെയ്യരുത്.
ജങ്ഷനുകൾ, റൗണ്ട് എബൗട്ടുകൾ, ട്രാഫിക് സ്ക്വയറുകൾ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്കോ സിഗ്നലോ കാരണം വാഹനങ്ങൾ നിരയായി നിൽക്കുന്ന സമയത്തും മറികടക്കൽ അനുവദനീയമല്ല. വളവുകൾ, കയറ്റിറക്കങ്ങൾ, വഴുക്കലുള്ള റോഡുകൾ, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും ഓവർടേക്കിങ് ഒഴിവാക്കണം. റോഡിൽ തുടർച്ചയായ വരകൾ രേഖപ്പെടുത്തിയ ഭാഗങ്ങളിലും ട്രാഫിക് ചിഹ്നങ്ങളോ സിഗ്നലുകളോ ഓവർടേക്കിങ് വിലക്കിയിട്ടുള്ള സ്ഥലങ്ങളിലും ഈ നടപടി പാടില്ല.
ഓവർടേക്കിങ്ങിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാഹനം മറികടക്കുന്നതിന് മുമ്പ് മുന്നിലുള്ള റോഡും പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന പാതയും വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്ന് ഡ്രൈവർ ഉറപ്പാക്കണം. എതിർദിശയിൽനിന്നുള്ള വാഹനങ്ങളോ മറ്റ് തടസ്സങ്ങളോ അപകടസാധ്യത സൃഷ്ടിക്കുന്നില്ലെന്നും പരിശോധിക്കണം. മറികടന്ന് പ്രവേശിക്കാനുദ്ദേശിക്കുന്ന പാതയിൽ മറ്റൊരു വാഹനം വരുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്.
മുന്നിലുള്ള ഡ്രൈവർ അപകടസൂചന നൽകുകയോ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്ന് ശ്രദ്ധിക്കണം. സ്വന്തം വാഹനത്തിന്റെയും മറികടക്കാൻ ഉദ്ദേശിക്കുന്ന വാഹനത്തിന്റെയും വേഗതയിലെ വ്യത്യാസം കണക്കിലെടുത്ത് സുരക്ഷിതമായി ഓവർടേക്ക് ചെയ്യാൻ കഴിയുമെന്നുറപ്പാക്കിയ ശേഷമേ മുന്നോട്ടുപോകാവൂ.
റോഡപകടങ്ങൾ കുറയ്ക്കുകയും ഗതാഗതം കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യുന്നതിനായി നിലവിലുള്ള നിയമങ്ങൾ കൂടുതൽ വ്യക്തമായി നിർവചിക്കുന്നതാണ് പുതുക്കിയ വ്യവസ്ഥകൾ.
Comments ()