യുഎഇയിലേക്ക് എത്ര സിഗരറ്റ് കൊണ്ടുപോകാം? യാത്രക്കാർക്ക് ദുബൈ കസ്റ്റംസിന്റെ മുന്നറിയിപ്പ്
കസ്റ്റംസ് തീരുവയില്ലാതെ ഒരാൾക്ക് പരമാവധി 400 സിഗരറ്റുകൾ, 50 സിഗാറുകൾ, അല്ലെങ്കിൽ 500 ഗ്രാം പുകയില എന്നിവ കൊണ്ടുവരാം. പൈപ്പുകളിൽ ഉപയോഗിക്കുന്ന പുകയിലയും ഈ പരിധിയിൽ ഉൾപ്പെടും
അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ പുകയില ഉൽപ്പന്നങ്ങൾ കൈവശം കൊണ്ടുവരുമ്പോൾ അനുവദനീയമായ അളവ് കൃത്യമായി പാലിക്കണമെന്ന് ദുബൈ കസ്റ്റംസ് മുന്നറിയിപ്പ് നൽകി. നിശ്ചയിച്ച പരിധി മറികടന്ന് സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളോ കൊണ്ടുവരുന്നവർക്ക് അധിക അളവിന് കസ്റ്റംസ് തീരുവ നൽകേണ്ടിവരും. 18 വയസ്സ് പൂർത്തിയായ യാത്രക്കാർക്കാണ് ഈ ഇളവുകൾ ലഭിക്കുക.
കസ്റ്റംസ് തീരുവയില്ലാതെ ഒരാൾക്ക് പരമാവധി 400 സിഗരറ്റുകൾ, 50 സിഗാറുകൾ, അല്ലെങ്കിൽ 500 ഗ്രാം പുകയില എന്നിവ കൊണ്ടുവരാം. പൈപ്പുകളിൽ ഉപയോഗിക്കുന്ന പുകയിലയും ഈ പരിധിയിൽ ഉൾപ്പെടും. അനുവദനീയമായ അളവിൽ കൂടുതലുള്ള ഉൽപ്പന്നങ്ങൾക്ക് ബാധകമായ തീരുവ അടയ്ക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഈ ഇളവ് വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന സാധനങ്ങൾക്കും സമ്മാനങ്ങൾക്കും മാത്രമാണ് ബാധകം. വാണിജ്യ ആവശ്യത്തിനുള്ളതോ വിൽപ്പന ലക്ഷ്യമിട്ടുള്ളതോ ആയ അളവിൽ ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ ഇതിലൂടെ അനുമതിയില്ല. പതിവായി യാത്ര ചെയ്യുന്നവർക്കും വ്യാപാര ആവശ്യങ്ങൾക്കായി തുടർച്ചയായി സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കില്ല.
യാത്രാ വാഹനങ്ങളിലെ ജീവനക്കാർക്കും തീരുവ രഹിത ഇളവിന് അർഹതയുണ്ടാകില്ല. സിഗരറ്റും മദ്യവും അനുവദനീയമായ പരിധിയിൽ കൊണ്ടുവരുന്നതിനും യാത്രക്കാർക്ക് കുറഞ്ഞത് 18 വയസ്സ് ഉണ്ടായിരിക്കണം. യുഎഇയിലേക്ക് എത്തുന്നവർ കസ്റ്റംസ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Comments ()