അബുദാബിയിലേക്ക് പറക്കാം വിസ ഫീസില്ലാതെ: ഇന്ത്യൻ സഞ്ചാരികൾക്കായി പുതിയ പദ്ധതി, അറിയേണ്ടതെല്ലാം!
2026 ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ഈ പദ്ധതിയുടെ കാലാവധി.
അബുദാബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് അവധിക്കാല യാത്ര പ്ലാന്‍ ചെയ്യുന്ന സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാഗ്ദാനവുമായി അബുദാബി വിനോദസഞ്ചാര വകുപ്പ്. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് പുതിയ ടൂറിസം പ്രോത്സാഹന പൈലറ്റ് പദ്ധതിയിലൂടെ സൗജന്യ യുഎഇ എന്‍ട്രി വിസ ലഭ്യമാകും. 2026 ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ഈ പദ്ധതിയുടെ കാലാവധി. അബുദാബിയിലെ ഏതെങ്കിലും ഹോട്ടലില്‍ കുറഞ്ഞത് തുടര്‍ച്ചയായി മൂന്ന് രാത്രികള്‍ തങ്ങാന്‍ ബുക്ക് ചെയ്തിട്ടുള്ളവരും തിരിച്ചുള്ള വിമാന ടിക്കറ്റ് കൈവശമുള്ളവരുമായ സഞ്ചാരികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുന്ന 20,000 സൗജന്യ വിസകളുടെ ആനുകൂല്യം ലഭിക്കുക.
പങ്കാളികളായ അംഗീകൃത യാത്രാ ഏജന്‍സികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയോ ബുക്ക് ചെയ്യുന്ന യോഗ്യരായ യാത്രക്കാരുടെ എന്‍ട്രി വിസ തുക എസിടി അബുദാബി പൂര്‍ണ്ണമായും വഹിക്കും. ഇതിനായി ഏജന്‍സികള്‍ക്ക് രണ്ട് രീതിയില്‍ അപേക്ഷിക്കാം; ചുമതലപ്പെടുത്തിയ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്പനി വഴി നേരിട്ട് അപേക്ഷിച്ചാല്‍ വകുപ്പ് തന്നെ തുക അടയ്ക്കും, അല്ലെങ്കില്‍ നിലവിലുള്ള കമ്പനികള്‍ വഴി അപേക്ഷിച്ച് വിസ തുകയായ 285 ദിര്‍ഹം വകുപ്പില്‍ നിന്ന് റീഇംബേഴ്‌സ് ചെയ്‌തെടുക്കാം. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വിമാന സര്‍വീസുകളും വിനോദസഞ്ചാര ബന്ധങ്ങളും ശക്തമാക്കുന്നതിനും ലക്ഷ്യമിടുന്ന ഈ നീക്കം, അബുദാബിയിലെ കലാ-സാംസ്‌കാരിക കേന്ദ്രങ്ങളും വിനോദസഞ്ചാര മേഖലകളും കൂടുതല്‍ തടസ്സങ്ങളില്ലാതെ കണ്ടറിയാന്‍ സഹായിക്കും.
Comments ()