സുരക്ഷിത മുറികളിൽ തുടരുക, പരിഭ്രാന്തരാകരുത്; സൗദിയിൽ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി
സുരക്ഷാ സാഹചര്യം സാധാരണ നിലയിലാകുന്നതുവരെ വീടുകളിലും കെട്ടിടങ്ങളിലും സുരക്ഷിതമായ ഇടങ്ങളിൽ തുടരാനാണ് നിർദേശം. ജനലുകൾ, ഗ്ലാസ്, ബാൽക്കണി, ടെറസ്, തുറസ്സായ സ്ഥലങ്ങൾ എന്നിവയുടെ സമീപത്ത് നിൽക്കുന്നത് ഒഴിവാക്കണം
റിയാദ്: സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. ഹൂതി വിമതരുടെ ആക്രമണങ്ങളെ തുടർന്നുള്ള ആശങ്കകൾക്കിടെ സൗദി അധികൃതർ പുറത്തിറക്കിയ പുതിയ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
സുരക്ഷാ സാഹചര്യം സാധാരണ നിലയിലാകുന്നതുവരെ വീടുകളിലും കെട്ടിടങ്ങളിലും സുരക്ഷിതമായ ഇടങ്ങളിൽ തുടരാനാണ് നിർദേശം. ജനലുകൾ, ഗ്ലാസ്, ബാൽക്കണി, ടെറസ്, തുറസ്സായ സ്ഥലങ്ങൾ എന്നിവയുടെ സമീപത്ത് നിൽക്കുന്നത് ഒഴിവാക്കണം. ജനലുകളിൽ നിന്ന് അകലെയുള്ള മുറികളിൽ കഴിയാനും ജനത്തിരക്കേറിയ സ്ഥലങ്ങളിലേക്കും അപകടസാധ്യതയുള്ള മേഖലകളിലേക്കും പോകാതിരിക്കാനും എംബസി ആവശ്യപ്പെട്ടു. സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പകർത്തുന്നതും ഒഴിവാക്കണം.
വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചാൽ പാലങ്ങളിൽനിന്നും ഉയരമുള്ള കെട്ടിടങ്ങളിൽനിന്നും അകലെ റോഡിന്റെ വശത്ത് വാഹനം നിർത്തി സുരക്ഷിതമായി കഴിയണം. ഔദ്യോഗിക ഏജൻസികൾ നൽകുന്ന വിവരങ്ങളും നിർദേശങ്ങളും മാത്രം പിന്തുടരണമെന്നും എംബസി വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ പൗരന്മാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ തുടരണമെന്നും അറിയിച്ചു.
അടിയന്തര സാഹചര്യമുണ്ടായാൽ മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും സൗദിയുടെ മറ്റ് പ്രദേശങ്ങളിലുള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണം.
Comments ()