വിദേശത്തേക്ക് കടന്ന പിടികിട്ടാപ്പുള്ളി 29 വർഷത്തിന് ശേഷം വലയിൽ: ഫസലിനെ പൂട്ടി കണ്ണൂർ സിറ്റി പൊലീസ്

ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന അഴീക്കോട് സ്വദേശി ഫസലിനെ, നാട്ടിൽ തിരിച്ചെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.

വിദേശത്തേക്ക് കടന്ന പിടികിട്ടാപ്പുള്ളി 29 വർഷത്തിന് ശേഷം വലയിൽ: ഫസലിനെ പൂട്ടി കണ്ണൂർ സിറ്റി പൊലീസ്

കണ്ണൂർ: വധശ്രമ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 29 വർഷത്തിനുശേഷം കണ്ണൂർ സിറ്റി പൊലീസിന്റെ പിടിയിലായി. അഴീക്കോട് മീൻകുന്ന് സ്വദേശി ഫസലിനെയാണ് വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്.

1997-ൽ അഴീക്കോട് സ്വദേശിയായ സുനിൽ കുമാറിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫസലിനെ വളപട്ടണം പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, മാസങ്ങൾക്കുശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ കേസിന്റെ വിചാരണ നേരിടാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇതേത്തുടർന്ന് 2002-ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഒളിവിലായിരുന്ന കാലയളവിൽ ദുബായ്, അയർലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് ഫസൽ താമസിച്ചിരുന്നത്. ഇതിനിടയിൽ ഇയാളുടെ കുടുംബം അഴീക്കോട്ടെ വീടും സ്ഥലവും വിറ്റ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു. പ്രതി നാട്ടിലേക്ക് തിരിച്ചെത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ വലയിലായത്.