കനത്ത മഴ: ഇടുക്കി മലയോരങ്ങളിൽ രാത്രിയാത്ര വിലക്കി; സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴ: ഇടുക്കി മലയോരങ്ങളിൽ രാത്രിയാത്ര വിലക്കി; സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ശക്തമായ ജാഗ്രതാ നിർദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെ രാത്രിയാത്ര നിരോധിക്കുകയും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഉത്തരവിടുകയും ചെയ്തു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പഴയ മൂന്നാറിലൂടെ വരുന്ന വാഹനങ്ങൾ സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ്പ് റോഡ് വഴി പൊലീസ് സ്റ്റേഷന് അടുത്തുള്ള പാലം കടന്നാണ് ടൗണിലേക്ക് പോകേണ്ടത്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചെങ്കിലും നിലവിൽ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

എങ്കിലും നേര്യമംഗലം - വാളറ റോഡിലൂടെ സഞ്ചരിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. അതേസമയം, സംസ്ഥാനത്ത് മഴ കടുക്കുന്ന സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.