വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് ഇനി പെയ്ഡ് പ്ലാനിലും; യുഎഇയിൽ മെറ്റയുടെ പുതിയ സേവനം
ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, മെറ്റാ എഐ എന്നിവയിലായി ഇതിനകം ലഭ്യമായ 50-ലേറെ ഫീച്ചറുകൾ ഒരൊറ്റ സബ്സ്ക്രിപ്ഷൻ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ‘എഡിറ്റ്സ്’, എഐ ഗ്ലാസുകൾ എന്നിവയും ഇതിന്റെ ഭാഗമാകും
ദുബൈ: വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയിലെ കൂടുതൽ എഐ സൗകര്യങ്ങളും പ്രൊഫഷണൽ ടൂളുകളും ഉപയോഗിക്കാൻ ഇനി പണമടച്ചുള്ള ഓപ്ഷനും. യുഎഇയിൽ ‘മെറ്റാ വൺ’ എന്ന പേരിൽ പുതിയ സബ്സ്ക്രിപ്ഷൻ സേവനം അവതരിപ്പിച്ച മെറ്റ, വിവിധ വിഭാഗങ്ങളിലായി നിരവധി പ്ലാനുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒറ്റ ആപ്പിനുള്ള സബ്സ്ക്രിപ്ഷന് പ്രതിമാസം 5.99 ദിർഹം മുതലാണ് നിരക്ക്.
ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, മെറ്റാ എഐ എന്നിവയിലായി ഇതിനകം ലഭ്യമായ 50-ലേറെ ഫീച്ചറുകൾ ഒരൊറ്റ സബ്സ്ക്രിപ്ഷൻ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ‘എഡിറ്റ്സ്’, എഐ ഗ്ലാസുകൾ എന്നിവയും ഇതിന്റെ ഭാഗമാകും. വ്യക്തികൾക്ക് കോർ പ്ലാനിന് 22.99 ദിർഹവും പ്രീമിയം പ്ലാനിന് 76.99 ദിർഹവും പ്രതിമാസം നൽകണം. ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമായി എസൻഷ്യൽ 46.99 ദിർഹം മുതൽ, അഡ്വാൻസ്ഡ് 119 ദിർഹം മുതൽ, എക്സ്പെർട്ട് 359 ദിർഹം മുതൽ എന്നിങ്ങനെയാണ് നിരക്കുകൾ.
അതേസമയം, മെറ്റയുടെ ആപ്പുകളിലെയും മെറ്റാ എഐയിലെയും അടിസ്ഥാന സേവനങ്ങൾ സൗജന്യമായി തന്നെ തുടരും. കൂടുതൽ വിപുലമായ എഐ ഉപയോഗവും അധിക പ്രൊഫഷണൽ സൗകര്യങ്ങളും ആവശ്യമുള്ളവരെ ലക്ഷ്യമിട്ടാണ് പണമടച്ചുള്ള സേവനം. കമ്പനിയുടെ കണക്കനുസരിച്ച് മെറ്റാ വൺ ഉൾപ്പെടെയുള്ള സബ്സ്ക്രിപ്ഷനുകളിലും ട്രയലുകളിലുമായി ഇതുവരെ 1.5 കോടിയിലധികം രജിസ്ട്രേഷനുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പ്ലസിന് 7.99 ദിർഹവും ഫെയ്‌സ്ബുക്ക് പ്ലസിന് 7.99 ദിർഹവും വാട്‌സ്ആപ്പ് പ്ലസിന് 5.99 ദിർഹവുമാണ് സിംഗിൾ പ്ലാനുകളുടെ പ്രതിമാസ നിരക്ക്.
Comments ()