ഇന്ത്യൻ കപ്പലിൽ പാക് നാവികസേനാ കപ്പലിടിച്ചു: പാക് പ്രതിനിധിയെ വിളിച്ച് വരുത്തി എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

മുൻകൂർ അറിയിപ്പ് നൽകണമെന്ന 1991-ലെ കരാർ ലംഘിച്ച പാകിസ്ഥാന്റെ നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇന്ത്യൻ കപ്പലിൽ പാക് നാവികസേനാ കപ്പലിടിച്ചു: പാക് പ്രതിനിധിയെ വിളിച്ച് വരുത്തി എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേനാ കപ്പലിൽ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒമാൻ തീരത്തുനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ കിഴക്കൻ മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഇന്ത്യൻ കപ്പലിന് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

പാക് നാവിക യൂണിറ്റുകളുടെ ഭാഗത്തുനിന്നുണ്ടായത് അംഗീകരിക്കാനാകാത്തതും പ്രൊഫഷണൽ അല്ലാത്തതുമായ പെരുമാറ്റമാണെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സൈനിക പരിശീലനങ്ങൾ, നീക്കങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി വിവരം നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന 1991 ഏപ്രിലിലെ ഉഭയകക്ഷി കരാറിലെ ആർട്ടിക്കിൾ 10-ന്റെ നേരിട്ടുള്ള ലംഘനമാണ് പാകിസ്ഥാന്റെ ഈ നടപടിയെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മുഖേന പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിനും സമാനമായ പ്രതിഷേധ സന്ദേശം കൈമാറിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം അപകടകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാക് സൈനിക യൂണിറ്റുകൾ തക്കതായ ജാഗ്രത പുലർത്തണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ പൂർണ്ണമായും പാലിക്കണമെന്നും ഇന്ത്യ കർശന നിർദേശം നൽകി.