സുഹൃത്തിന്റെ മരണത്തിന് പിന്നാലെ മാനസിക വിഷമത്തിൽ; 15കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അഭിയയെ വെള്ളിയാഴ്ച രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിവുസമയത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്

സുഹൃത്തിന്റെ മരണത്തിന് പിന്നാലെ മാനസിക വിഷമത്തിൽ; 15കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കട കുളത്തുമ്മലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തുമ്മൽ സ്വദേശികളായ സാമുവൽ–ലളിതാംബിക ദമ്പതികളുടെ മകളായ അഭിയ എൽ. സാം (15) ആണ് മരിച്ചത്.

കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിയയെ വെള്ളിയാഴ്ച രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിവുസമയത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുകയും ചെയ്തു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഒന്നര മാസം മുൻപ് അഭിയയുടെ സുഹൃത്തായ തീർഥ മരിച്ച സംഭവത്തെ തുടർന്ന് അഭിയ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യവും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടരുകയാണ്.