കൊടും വേനലിന് പിന്നാലെ മാറ്റത്തിന്റെ സൂചന; യുഎഇ ആകാശത്ത് 'അൽ മിർസാം' നക്ഷത്രം തെളിഞ്ഞു
അടുത്തിടെ അബുദാബിയിലെ അൽ ശവാമെഖ് മേഖലയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് തുടരുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ നേരിയ മാറ്റങ്ങൾ പ്രകടമാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ
അബുദാബി: യുഎഇയിലെ കടുത്ത വേനൽക്കാലത്തിന് ക്രമേണ മാറ്റമുണ്ടാകുന്നതിന്റെ സൂചനയായി 'അൽ മിർസാം' നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെട്ടു. വേനലിന്റെ അവസാന ഘട്ടത്തിലേക്കുള്ള പ്രവേശനമായി അറബ് പാരമ്പര്യത്തിൽ കണക്കാക്കുന്ന ഈ നക്ഷത്രോദയം, അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്ന കാലഘട്ടത്തിന് തുടക്കമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
അടുത്തിടെ അബുദാബിയിലെ അൽ ശവാമെഖ് മേഖലയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് തുടരുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ നേരിയ മാറ്റങ്ങൾ പ്രകടമാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
'സിറിയസ്' എന്ന പേരിൽ ശാസ്ത്രീയമായി അറിയപ്പെടുന്ന അൽ മിർസാം, ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. ഓരോ വർഷവും വേനൽക്കാലാവസാനത്തോടെ സൂര്യോദയത്തിന് മുമ്പ് കിഴക്കൻ ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്ന ഈ നക്ഷത്രം, അറേബ്യൻ ഉപദ്വീപിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാഭാവിക സൂചകമായാണ് പരിഗണിക്കപ്പെടുന്നത്.
അൽ മിർസാമിന്റെ ഉദയത്തിന് പിന്നാലെ 'അൽ റുവയ്യ' മേഘങ്ങളുടെ രൂപീകരണം വർധിക്കുകയും വായുവിലെ ഈർപ്പനിരക്ക് ഉയരുകയും ചെയ്യും. അതിനാൽ വരണ്ട അന്തരീക്ഷത്തിൽ നിന്ന് കൂടുതൽ ഈർപ്പമുള്ള കാലാവസ്ഥയിലേക്കുള്ള മാറ്റം ക്രമേണ അനുഭവപ്പെടുമെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ധർ പറയുന്നത്. എന്നാൽ ചൂടിന് ഉടൻ ശമനമുണ്ടാകില്ലെന്നും താപനില ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
അറേബ്യൻ മേഖലയിലെ കർഷകരും മുത്തുചിപ്പി തൊഴിലാളികളും ഉൾപ്പെടെയുള്ളവർ പുരാതനകാലം മുതൽ കാർഷിക പ്രവർത്തനങ്ങളും കാലാവസ്ഥാ മാറ്റങ്ങളും പ്രവചിക്കാൻ ഇത്തരം നക്ഷത്ര നിരീക്ഷണങ്ങളെ ആശ്രയിച്ചിരുന്നു. അൽ മിർസാമിന് ശേഷം ഉദിക്കുന്ന 'സുഹൈൽ' നക്ഷത്രത്തോടെയാണ് ചൂട് ക്രമേണ കുറഞ്ഞുതുടങ്ങുക. അതേസമയം, എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഈ വർഷം യുഎഇ ഉൾപ്പെടെയുള്ള അറേബ്യൻ മേഖലയിലേക്ക് സാധാരണയേക്കാൾ മികച്ച മഴ ലഭിക്കുമെന്ന പ്രതീക്ഷയും വിദഗ്ധർ പങ്കുവെക്കുന്നു.
Comments ()