യാത്രാസമയം 90% കുറയും; മക്കയിൽ പുതിയ പാതകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു

യാത്രാസമയം 90 ശതമാനത്തിലധികം കുറയ്ക്കാൻ സഹായിക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ മക്കാസിറ്റി ആൻഡ് ഹോളി സെെറ്റ്സ് അറിയിച്ചു

യാത്രാസമയം 90% കുറയും; മക്കയിൽ പുതിയ പാതകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു

മക്കയിലെ റോഡ് വികസന പദ്ധതികളുടെ ഭാഗമായി നിർമ്മിച്ച വിവിധ പാതകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു. തേർഡ് റിങ് റോഡ്, പ്രിൻസ് സൗദ് അൽ ഫൈസൽ റോഡ് എന്നിവയിലായി പുതുതായി നിർമ്മിച്ച ഭാഗങ്ങളാണ് യാത്രയ്ക്കായി സജ്ജമായത്. പുതിയ പാതകൾ യാത്രാസമയത്തിൽ 90 ശതമാനത്തിലധികം കുറവു വരുത്തുമെന്ന് റോയൽ കമ്മീഷൻ ഫോർ മക്കാ സിറ്റി ആൻഡ് ഹോളി സൈറ്റ്സ് വ്യക്തമാക്കി.

പ്രിൻസ് സുൽത്താൻ ജങ്ഷൻ വഴി കടന്നുപോകുന്ന പ്രിൻസ് മുതൈബ് ജങ്ഷൻ മുതൽ മസ്ജിദുൽ ഹറാം ജങ്ഷൻ വരെയുള്ള പാതയിലെ 1.5 കിലോമീറ്റർ ദൂരമാണ് പുതുതായി തുറന്നുകൊടുത്തത്. കൂടാതെ, പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ആക്സിസിൽ നിന്ന് ആരംഭിച്ച് പ്രിൻസ് നായിഫ് ബിൻ അബ്ദുൾ അസീസ് ജങ്ഷൻ വഴി അബ്ദുൾ ഖാദിർ കുഷ്ക് സ്ട്രീറ്റിലേക്ക് എത്തുന്ന റോഡിന്റെ ശേഷിക്കുന്ന ഭാഗവും ഗതാഗതത്തിനായി തുറന്നു. ഇത് സമീപവാസികൾക്ക് ഏറെ ഉപകാരപ്പെടും.

ഗതാഗതക്കുരുക്ക് കുറയ്ക്കുക, റോഡ് സുരക്ഷ വർദ്ധിപ്പിക്കുക, ഹജ്ജ്-ഉംറ സീസണുകളിൽ തീർത്ഥാടകർക്കും സന്ദർശകർക്കും പ്രദേശവാസികൾക്കും സുഗമമായ യാത്രാസൗകര്യം ഒരുക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്ര അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.