ജിദ്ദ വിമാനത്താവളത്തിൽ ടെർമിനൽ 4 തുറന്നു; കേരള സർവീസുകൾ ഉൾപ്പെടെ പുതിയ കേന്ദ്രത്തിലേക്ക്
ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ 4 പ്രവർത്തനം ആരംഭിച്ചു. കേരള സർവീസുകൾ ഉൾപ്പെടെ പുതിയ ടെർമിനലിലേക്ക്.
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 4-ന്റെ (T4) ഒന്നാം ഘട്ട പ്രവർത്തനം ആരംഭിച്ചു. കേരളത്തിലേക്കുള്ളവ ഉൾപ്പെടെയുള്ള വിവിധ സർവീസുകൾ ഇനി പുതിയ ടെർമിനൽ വഴിയായിരിക്കും പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ വിസ് എയർ, എ ജെറ്റ്, സലാം എയർ, ഫ്ലൈ ജിന്ന, നെസ്മ എയർ എന്നീ അന്താരാഷ്ട്ര വിമാനക്കമ്പനികളാണ് ഇങ്ങോട്ട് മാറിയത്. സെപ്റ്റംബർ 29 ചൊവ്വാഴ്ച മുതൽ ആകാശ എയറിന്റെ സർവീസുകളും ടെർമിനൽ 4-ലേക്ക് മാറും. വരുന്ന ആഴ്ചകളിൽ നോർത്തേൺ ടെർമിനലിലെ മുഴുവൻ വിദേശ വിമാനക്കമ്പനികളെയും, ടെർമിനൽ 1, ഹജ്ജ്-ഉംറ ടെർമിനൽ കോംപ്ലക്സ് എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർവീസുകളെയും ഘട്ടംഘട്ടമായി ഇവിടേക്ക് മാറ്റുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
യാത്രാതിരക്ക് കുറച്ച് ചെക്ക്-ഇൻ നടപടികൾ വേഗത്തിലാക്കാനും സർവീസുകളുടെ ഏകോപനം കൂടുതൽ കാര്യക്ഷമമാക്കാനും ഈ പരിഷ്കാരം ഉപകരിക്കും. 97,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ടെർമിനലിന് പ്രതിവർഷം 1.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾക്ക് പുറമേ, ഹജ്ജ്-ഉംറ തീർഥാടകരുടെ ഗ്രൂപ്പ് ചെക്ക്-ഇന്നായി പ്രത്യേക സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 2025-ൽ 5.34 കോടി യാത്രക്കാരുമായി റെക്കോർഡ് യാത്രാനിരക്ക് കുറിച്ചതിനെ തുടർന്നാണ് വിമാനത്താവള വികസനത്തിന്റെ ഭാഗമായി ടെർമിനൽ 4 തുറന്നത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി 2030-ഓടെ പ്രതിവർഷം 9 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ജിദ്ദ വിമാനത്താവളം ലക്ഷ്യമിടുന്നത്.
Comments ()