സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ അലേര്‍ട്ട്

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടര്‍ന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 - 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ഒഡീഷ - പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യത ഉള്ളതിനാലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ന് 27 ഉച്ചയോടെ അതിതീവ്ര ന്യൂനമര്‍ദം വടക്കന്‍ ഒഡീഷ - പശ്ചിമ ബംഗാള്‍ തീരത്ത് പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയിലായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ, പടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ന്യൂനമര്‍ദം തുടരുന്നതായും മുന്നറിയിപ്പുണ്ട്.

കേരളത്തില്‍ ജൂലൈ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജൂലൈ 30 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 28ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 29ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് ജാഗ്രത ഉള്ളത്.