സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് മുതൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രക്ഷുബ്ധമായ അന്തരീക്ഷം കണക്കിലെടുത്ത് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിങ്കളാഴ്ച കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചു വീശാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.