വിദ്യാരംഭത്തിന് കൊല്ലൂർ മൂകാംബികയിലേക്ക് ഭക്തജനപ്രവാഹം; ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളുടെ തിരക്ക്

കേരളത്തിന് പുറത്തുള്ള മലയാളികളുടെയും പ്രധാന ആശ്രയകേന്ദ്രമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്

വിദ്യാരംഭത്തിന് കൊല്ലൂർ മൂകാംബികയിലേക്ക് ഭക്തജനപ്രവാഹം; ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളുടെ തിരക്ക്

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാരംഭ ചടങ്ങുകൾക്കായി കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ. ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാനെത്തുന്നതിനാൽ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാനുമുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള മലയാളികളുടെയും പ്രധാന ആശ്രയകേന്ദ്രമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മൂന്നിന് നട തുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിലും മണ്ഡപത്തിന്റെ വരാന്തയിലുമായി വിദ്യാരംഭ ചടങ്ങുകൾ നടക്കും. ചോറ്റാനിക്കര ക്ഷേത്രത്തിൽ പന്തീരടി പൂജയ്ക്കും സരസ്വതി പൂജയ്ക്കും ശേഷമായിരിക്കും എഴുത്തിനിരുത്ത് ആരംഭിക്കുക. തന്ത്രി എരൂർ പുലിയന്നൂർ ദിലീപൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തിമാരായ എൻ.വി. കൃഷ്ണൻ നമ്പൂതിരി, സി.എൽ. സതീഷ് നമ്പൂതിരി എന്നിവരുടെയും കാർമികത്വത്തിലാകും ചടങ്ങുകൾ. കിഴക്കേ നടയിൽ ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങളിൽ 16 വൈദിക ബ്രാഹ്മണർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. പൂജിച്ച സാരസ്വതാരിഷ്ടം, പഞ്ചാമൃതം, പഴം എന്നിവയും കുട്ടികൾക്ക് നൽകും.

തിരൂരിലെ തുഞ്ചൻപറമ്പിലും പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും. സാഹിത്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരും ആശാന്മാരും കുട്ടികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തും. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാവിലെ ഏഴിന് ചടങ്ങുകൾ തുടങ്ങും. ശീവേലിക്കും സരസ്വതി പൂജയ്ക്കും ശേഷം വടക്കേപ്പടിപ്പുര മണ്ഡപത്തിലാണ് എഴുത്തിനിരുത്ത്. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കെ. ഇന്ദുകുമാരി ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ദേവസ്വവും ക്ഷേത്രോപദേശക സമിതിയും തിരഞ്ഞെടുത്ത ആചാര്യന്മാരാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നത്.

ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലും വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മഹാനവമി ദിവസവും മീനത്തിലെ അത്തം നാളും ഒഴികെ മറ്റു ദിവസങ്ങളിലും എഴുത്തിനിരുത്ത് നടക്കുന്ന തിരുവുള്ളക്കാവിൽ പ്രത്യേക തിരക്കുണ്ടാകുമെന്നാണ് വിലയിരുത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചില ക്ഷേത്രങ്ങളിൽ മുൻകൂട്ടി ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.