ചൂടിന് ശമനം; ഇന്ന് മുതൽ സംസ്ഥാനത്ത് മഴയെത്തിയേക്കും, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

ചൂടിന് ശമനം; ഇന്ന് മുതൽ സംസ്ഥാനത്ത് മഴയെത്തിയേക്കും, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമേകി ഇന്ന് മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരത്തും രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനത്താൽ, അടുത്ത മണിക്കൂറുകളിൽ ഇവിടെ പുതിയ ന്യൂനമർദം രൂപപ്പെടാൻ ഇടയുണ്ട്. ഇതിന്റെ ഫലമായി ഈ മാസം 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.

മഴയെത്തുന്നത് നിലവിൽ സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കും ആശ്വാസമാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. ഇപ്പോൾ ഏകദേശം 800 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. മുൻകൂട്ടി അറിയിപ്പില്ലാതെ രാത്രിയിലടക്കം പലതവണ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. മഴ പെയ്യുന്നതോടെ അന്തരീക്ഷ താപനില കുറയുകയും, അതുവഴി വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവുണ്ടാകുകയും ചെയ്യുമെന്നാണ് കരുതുന്നത്.