എഐയുടെ കുതിപ്പ്; കോടിക്കണക്കിന് തൊഴിലവസരങ്ങൾക്ക് ഭീഷണിയെന്ന് റിപ്പോർട്ട്
മനുഷ്യരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന രീതിയിലല്ല, അവരുടെ ഉൽപ്പാദനക്ഷമതയും കഴിവുകളും വർധിപ്പിക്കുന്ന രീതിയിലാകണം എഐയുടെ പ്രയോഗമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ അതിവേഗ മുന്നേറ്റം തൊഴിൽ വിപണിയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക പങ്കുവെച്ച് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരും ശാസ്ത്രജ്ഞരും സാങ്കേതിക രംഗത്തെ നേതാക്കളും. എഐയുടെ വളർച്ചയ്ക്ക് വ്യക്തമായ നയങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണെന്ന് അവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
"We Must Act Now" എന്ന പേരിൽ പുറത്തിറക്കിയ പ്രസ്താവനയിൽ 16 നൊബേൽ സമ്മാന ജേതാക്കളുൾപ്പെടെ 200-ലധികം പ്രമുഖരാണ് ഒപ്പുവെച്ചിരിക്കുന്നത്. മനുഷ്യരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന രീതിയിലല്ല, അവരുടെ ഉൽപ്പാദനക്ഷമതയും കഴിവുകളും വർധിപ്പിക്കുന്ന രീതിയിലാകണം എഐയുടെ പ്രയോഗമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സർക്കാരുകൾ, സാമ്പത്തിക വിദഗ്ധർ, ഗവേഷകർ, സാങ്കേതിക കമ്പനികൾ എന്നിവയുടെ സംയുക്ത ഇടപെടലിലൂടെ എഐയുടെ സ്വാധീനം വിലയിരുത്തുകയും തൊഴിൽ മേഖലയെ സംരക്ഷിക്കുന്ന നയങ്ങൾ രൂപീകരിക്കുകയും വേണമെന്ന് അവർ നിർദേശിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ ജേതാക്കളായ ഡാരോൺ അസെമൊഗ്ലു, സൈമൺ ജോൺസൺ, ക്രിസ്റ്റഫർ എ. പിസാരിഡസ് എന്നിവരടക്കം നിരവധി പ്രമുഖർ ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്.
ഇതിനിടെ, എഐയുടെ ഉപയോഗം വ്യാപകമാകുന്നതിനൊപ്പം ലോകത്തെ പല പ്രമുഖ ടെക് കമ്പനികളും സ്ഥാപന പുനഃസംഘടനയുടെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഒറാക്കിൾ, മൈക്രോസോഫ്റ്റ്, കോയിൻബേസ്, കോഗ്നിസന്റ് തുടങ്ങിയ കമ്പനികളിലെ സമീപകാല തൊഴിൽ വെട്ടിക്കുറയ്ക്കൽ നടപടികൾ എഐയുടെ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുന്നുണ്ട്.
സാങ്കേതിക പുരോഗതിയും തൊഴിൽ സുരക്ഷയും ഒരുപോലെ സംരക്ഷിക്കുന്ന സമതുലിതമായ സമീപനമാണ് ഭാവിയിൽ സ്വീകരിക്കേണ്ടതെന്നാണ് പ്രസ്താവനയിൽ ഉൾപ്പെട്ടവരുടെ പ്രധാന സന്ദേശം.
Comments ()