നിയമലംഘകർ കുടുങ്ങും: എഐ ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിച്ചു

എഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുന്നത് പുനരാരംഭിച്ചിട്ടുണ്ട്.

നിയമലംഘകർ കുടുങ്ങും: എഐ ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിച്ചു

തിരുവനന്തപുരം: സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചതോടെ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ (ങഢഉ) എഐ ക്യാമറകള്‍ വീണ്ടും സജീവമായി. ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടലിനെത്തുടര്‍ന്ന് കെല്‍ട്രോണുമായി എത്തിയ ധാരണയുടെ അടിസ്ഥാനത്തില്‍ ക്യാമറകളിലെ ജിയോ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ഇതോടെ എഐ ക്യാമറകള്‍ വഴിയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുന്നത് പുനരാരംഭിച്ചിട്ടുണ്ട്.

റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്ന് കെല്‍ട്രോണിന് ലഭിക്കാനുണ്ടായിരുന്ന 55 കോടി രൂപയുടെ കുടിശ്ശിക വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായത്. കരാര്‍ പ്രകാരം ക്യാമറകളുടെ പരിപാലനത്തിനായി ഓരോ മൂന്ന് മാസം കൂടുമ്പോഴും 12 കോടിയോളം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് നല്‍കേണ്ടിയിരുന്നത്. പണം ലഭിക്കാതായതോടെ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് തുക അടയ്ക്കാന്‍ കെല്‍ട്രോണിന് സാധിച്ചില്ല. തുടര്‍ന്നാണ് 726 ക്യാമറകളുടെയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്.

ക്യാമറകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും, ദൃശ്യങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നതില്‍ തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ ക്യാമറയില്‍ പതിഞ്ഞ വിവരങ്ങള്‍ എംവിഡിയുടെ ഡാറ്റാബേസിലേക്ക് അയക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ദൃശ്യങ്ങളെല്ലാം സെര്‍വറില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്.