സൗദിയിലേക്ക് പറക്കാനിരുന്നവർക്ക് തിരിച്ചടി; വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി

സർവീസുകൾ മുടങ്ങിയതോടെ യാത്രാ പദ്ധതികൾ മാറ്റേണ്ടിവന്നവർക്ക് ടിക്കറ്റ് തുക തിരികെ വാങ്ങാനും പുതിയ തീയതിയിലേക്ക് യാത്ര മാറ്റാനും സൗകര്യമൊരുക്കിയിട്ടുണ്ട്

സൗദിയിലേക്ക് പറക്കാനിരുന്നവർക്ക് തിരിച്ചടി; വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി

റിയാദ്: സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയ കാലാവധി നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് കമ്പനികളുടെ തീരുമാനം. സർവീസുകൾ മുടങ്ങിയതോടെ യാത്രാ പദ്ധതികൾ മാറ്റേണ്ടിവന്നവർക്ക് ടിക്കറ്റ് തുക തിരികെ വാങ്ങാനും പുതിയ തീയതിയിലേക്ക് യാത്ര മാറ്റാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും റിയാദ്, ദമാം നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ ഏഴ് വരെയാണ് റദ്ദാക്കിയത്. ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഒക്ടോബർ 31 വരെയും സർവീസ് നടത്തില്ല. യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരിച്ചുവാങ്ങുകയോ യാത്രാ തീയതി മാറ്റുകയോ ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ആകാശ എയർ ജിദ്ദ സർവീസുകൾ നവംബർ 10 വരെയും റിയാദ് സർവീസുകൾ നവംബർ 30 വരെയും നിർത്തിവെച്ചിട്ടുണ്ട്. റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവൻ തുകയും ബുക്കിങ്ങിനായി ഉപയോഗിച്ച അക്കൗണ്ടിലേക്ക് ഏഴ് ദിവസത്തിനുള്ളിൽ തിരികെ നൽകും. അധിക ഫീസ് ഈടാക്കാതെ യാത്രാ തീയതി മാറ്റാനും സാധിക്കും. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുത്തവർ റീഫണ്ടിനും മറ്റ് സഹായങ്ങൾക്കുമായി ബന്ധപ്പെട്ട ഏജൻസികളെ സമീപിക്കണമെന്ന് കമ്പനി നിർദേശിച്ചു. മേഖലയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ആകാശ എയർ വ്യക്തമാക്കി.

അതിനിടെ, സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടതായും ഈസ്റ്റ്–വെസ്റ്റ് പൈപ്പ് ലൈൻ, റാബിഗ് ഓയിൽ റിഫൈനറി, യാമ്പുവിലെ അരാംകോ കേന്ദ്രം എന്നിവ ആക്രമിച്ചതായും ഹൂതികൾ അവകാശപ്പെട്ടു. മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കുള്ള യാത്രയ്ക്ക് പദ്ധതിയിടുന്നവർ വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ചശേഷം യാത്ര ഉറപ്പാക്കുന്നത് ഉചിതമാണ്.